യുഎസുമായി കരാറിലെത്തണം; പരാജയപ്പെട്ടാൽ പശ്ചിമേഷ്യയിൽ മോശം കാര്യങ്ങൾ സംഭവിക്കും’: ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടൻ: അമേരിക്കയുമായി കരാറിലെത്താൻ ഇറാനോടു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കരാറിലെത്താൻ ഇറാൻ പരാജയപ്പെട്ടാൽ പശ്ചിമേഷ്യയ്ക്ക് മോശമായ കാര്യങ്ങൾ സംഭവിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഗാസയിൽ സമാധാനം പുലരാനുള്ള ട്രംപിന്റെ പദ്ധതിയായ ‘ബോർഡ് ഓഫ് പീസിന്റെ’ ആദ്യ യോഗത്തിന്റെ ഉദ്ഘാടന വേളയിലാണ് യുഎസ് പ്രസിഡന്റ് ഇറാനു മുന്നറിയിപ്പ് നൽകിയത്.
വരുന്ന 10 ദിവസത്തിനുള്ളിൽ യുഎസുമായുള്ള ചർച്ചകൾ പൂർത്തീകരിക്കണമെന്നും അല്ലാത്ത പക്ഷം അമേരിക്ക ഒരു അടി കൂടി മുൻപോട്ട് വയ്ക്കുമെന്നും ട്രംപ് പറഞ്ഞു. നിലവിൽ യുഎസ് തങ്ങളുടെ അത്യാധുനിക വിമാനങ്ങൾ പശ്ചമേഷ്യയിലേക്ക് വിന്യസിച്ചിരിക്കുയാണ്. എഫ്-35, എഫ്-22 ജെറ്റ് യുദ്ധവിമാനങ്ങൾ ഇക്കൂട്ടത്തിലുണ്ട്. ട്രംപിന്റെ ഭീഷണിയോടെ അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ഏതുനിമിഷവും ആരംഭിക്കുമെന്ന ആശങ്കകളും ഉയർന്നിട്ടുണ്ട്. അതേസമയം 2025 മേയിലുണ്ടായ ഇന്ത്യ–പാക്ക് സംഘർഷത്തിൽ താൻ മധ്യസ്ഥത വഹിച്ചതായി വീണ്ടും ട്രംപ് അവകാശവാദം ഉന്നയിച്ചു.
ഗാസയുടെ ദുരിതാശ്വാസ പാക്കേജിലേക്ക് 9 അംഗരാജ്യങ്ങൾ 700 കോടി ഡോളർ വാഗ്ദാനം ചെയ്തതായി ഡോണൾഡ് ട്രംപ് അറിയിച്ചു. ഗാസയുടെ സുരക്ഷാച്ചുമതലയ്ക്കായി രൂപീകരിക്കുന്ന രാജ്യാന്തര സമാധാനസേനയുടെ ഭാഗമാകുമെന്ന് 5 രാജ്യങ്ങൾ അറിയിച്ചു. ഇന്തൊനീഷ്യ, മൊറോക്കോ, കസഖ്സ്ഥാൻ, കൊസവോ, അൽബേനിയ എന്നീ രാജ്യങ്ങളാണ് സന്നദ്ധത അറിയിച്ചത്.
സമാധാനസേനയെ തെക്കൻ ഗാസയിലെ റഫായിലാണ് ആദ്യം വിന്യസിക്കുക. അതിനിടെ, ഹമാസിൽനിന്ന് ഗാസയുടെ ഭരണച്ചുമതല ഏറ്റെടുക്കാൻ നിയുക്തമായ ഇടക്കാല പലസ്തീൻ സമിതി പുതിയ പൊലീസ് സേനയിലേക്കു റിക്രൂട്മെന്റ് തുടങ്ങി. ഈജിപ്തും ജോർദാനുമാണു സേനയെ പരിശീലിപ്പിക്കുക. ഐക്യരാഷ്ട്ര സംഘടനയ്ക്ക് ബദലായുള്ള ട്രംപിന്റെ പദ്ധതിയായാണു ബോർഡ് ഓഫ് പീസ്.

