ശസ്ത്രക്രിയ ഉപകരണം അഞ്ചല്ല 50 വര്‍ഷം വയറ്റില്‍ കിടന്നാലും ഒന്നും സംഭവിക്കില്ല: വിചിത്രവാദവുമായി ഡോ. ലളിതാംബിക

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ സംഭവത്തെ നിസാരവത്കരിച്ചും വിചിത്രവാദം നിരത്തിയും ഡോ.
ലളിതാംബിക. ശസ്ത്രക്രിയ ഉപകരണം അമ്പത് വർഷം വയറ്റില്‍ ഇരുന്നാലും ഒരു കുഴപ്പവും സംഭവിക്കില്ല എന്നാണ് ഡോക്ടറുടെ വാദം. രോഗിയ്ക്ക് വർഷങ്ങള്‍ക്ക് മുൻപ് ഒരു ശസ്ത്രക്രിയ നടന്നിട്ടുണ്ടെന്നും അതിലാണോ ഉപകരണം കുടുങ്ങിയത് എന്ന് അറിയില്ലല്ലോ എന്നും ഡോ.ലളിതാംബിക പറഞ്ഞു.
ശസ്ത്രക്രിയ നടത്തിയത് ഡോ. ലളിതാംബിക ആണെന്നാണ് രോഗിയായ ഉഷ ജോസഫും മകൻ ഷിബിനും പറയുന്നത്. എന്നാല്‍ ഹെഡ് ഓഫ് ഡിപ്പാർട്ട്‌മെന്റ് ആയതുകൊണ്ടാണ് കേസ് ഡയറിയില്‍ തന്റെ പേര് എഴുതിയിരിക്കുന്നതെന്നും സർജറി ഡയറിയില്‍ ശസത്രക്രിയ ചെയ്ത ഡോക്ടറുടെ പേര് ഉണ്ടാകുമെന്നുമാണ് ലളിതാംബിക പറയുന്നത്.
‘ഈ രോഗിയ്ക്ക് ഇതിനുമുൻപും ഓപ്പറേഷൻ നടന്നിട്ടുണ്ട്. അതിലാണോ വന്നതെന്ന് നമുക്ക് അറിയില്ലല്ലോ. അങ്ങനെ കുടുങ്ങിയതാണെങ്കില്‍ രണ്ടാമത്തെ ഓപ്പറേഷൻ ചെയ്യുന്ന സമയത്തും കാണാനാകില്ല. ആ ഓപ്പറേഷൻ 20 വർഷം മുൻപ് നടന്നതായാലും ആ ഉപകരണം അവിടെ അനങ്ങാതെ ഇരിക്കുകയാണെങ്കില്‍ അറിയുകയേ ഇല്ല. ഇപ്പോഴും മൂത്രത്തില്‍ കല്ലിന്റെ പ്രശ്‌നം കൊണ്ടാണ് അവർ ആശുപത്രിയിലേക്ക് പോയത്.
വളരെ അപൂർവ്വമായേ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങുന്നത് പോലുള്ള കാര്യങ്ങള്‍ സംഭവിക്കാറുള്ളു. പിന്നെ, ശസ്ത്രക്രിയ ഉപകരണം വയറ്റില്‍ അഞ്ചല്ല അമ്പത് വർഷം കുടുങ്ങിപ്പോയാലും ഒന്നും സംഭവിക്കില്ല. ഈ പറയുന്ന ഉപകരണം ഇരുപത് വർഷം മുൻപ് കുടുങ്ങിയതാണോ എന്നും അറിയില്ലല്ലോ. അത് അറിയാനും വഴിയില്ല. കെമിക്കല്‍ ടെസ്റ്റിലൂടെ ഉപകരണത്തിന്റെ പഴക്കം കണ്ടുപിടിക്കേണ്ടി വരും,’ ഡോ. ലളിതാംബിക പറഞ്ഞു.
ഗുരുതര വീഴ്ചയുണ്ടായി; ആ വ്യക്തി അനുഭവിച്ച വേദനയ്ക്ക് ഒരു ന്യായീകരണവുമില്ല, നടപടിയുണ്ടാകും: മന്ത്രി വീണാ ജോർജ്
സർജറി നടന്നത് കൊവിഡിന്റെ രണ്ടാം വേവിന്റെ സമയത്തായിരുന്നു എന്നും പ്രതികൂല സാഹചര്യങ്ങള്‍ക്കിടയില്‍ രോഗിയുടെ നന്മയ്ക്ക് വേണ്ടിയാണ് ഓപ്പറേഷൻ നടത്തി നല്‍കിയത് എന്നും ഡോ. ലളിതാംബിക പറഞ്ഞു. ‘കൊവിഡ് സമയമായിരുന്നു. ആ സമയത്ത് സർജറികള്‍ ചെയ്യുന്നത് വളരെ കുറവായിരുന്നു. അണ്ഡാശത്തില്‍ കാൻസറാണോ എന്ന സംശയത്തിലാണ് ഓപ്പറേഷൻ ചെയ്തത്. പേഷ്യന്റിന്റെ നന്മയ്ക്ക് വേണ്ടിയാണ് ഓപ്പറേഷൻ ചെയ്തത്. പക്ഷെ ചെയ്തവർക്ക് അത് പാരയായി,’ ഡോക്ടർ പറഞ്ഞു.
സർജറിയുടെ ഉപകരണങ്ങള്‍ ചെക്ക് ചെയ്യാനുള്ള സംവിധാനം സർക്കാർ ആശുപത്രികളില്‍ ഇല്ലെന്നും ഡോക്ടർ പറഞ്ഞു. ഒരു ഡോക്ടറെ കുറ്റം പറയാനാകില്ലെന്നും സിസ്റ്റത്തിന്റെ പ്രശ്‌നമാണെന്നും ഇവർ പറയുന്നുണ്ട്. ‘ഓരോ സർജറിയ്ക്കും രണ്ട് നഴ്സുമാർ സർജറിക്ക് വേണം, സ്‌ക്രബ് നഴ്സും ഫ്ളോർ നഴ്സും. ഫ്ളോർ നഴ്സ് ബോർഡില്‍ ഓരോ സർജറിയ്ക്കും മുൻപ് എടുത്ത ഉപകരണങ്ങള്‍ എഴുതി വെക്കുകയാണ് വേണ്ടത്. എന്നാല്‍ ആവശ്യത്തിന് സ്റ്റാഫ് ഇല്ലാത്തതുകൊണ്ട് ഇത് നടക്കാറില്ല. ഡോക്ടറും സ്‌ക്രബ് നഴ്‌സും തന്നെയാണ് ഇതും ചെയ്യുന്നത്. ഉപകരണം കാണാതെ പോയാല്‍ അത് തിരിച്ചറിയാനും വഴിയില്ല. കാരണം സർക്കാർ ആശുപത്രികളില്‍ ഇത് കൃത്യമായി സൂക്ഷിക്കാനുള്ള സിസ്റ്റമില്ല, ‘ ഡോ. ലളിതാംബിക പറഞ്ഞു.
ഉഷ ജോസഫ് വീട്ടിലെത്തി കണ്‍സള്‍ട്ടേഷൻ ചെയ്തു എന്നതിനെ കുറിച്ചും ഡോ. ലളിതാംബിക പറഞ്ഞു. ‘ഈ രോഗിയെ കണ്‍സള്‍ട്ട് ചെയ്‌തോ എന്ന് ഓർമയില്ല. പ്രൈവറ്റ് കണ്‍സള്‍ട്ടേഷൻ എന്ന് പറയുന്നത് വലിയ കാര്യമൊന്നുമല്ല. ആളുകള്‍ പല ബന്ധത്തിന്റെയും മറ്റും പേരില്‍ വരും. അവരെ പരിശോധിച്ച് മെഡിക്കല്‍ കോളേജിലേക്ക് റഫർ ചെയ്യാറുണ്ട്. 38 കൊല്ലം സർക്കാർ ആശുപത്രികളില്‍ തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്യാനാണ്. ഓപ്പറേഷനായി ഒരിക്കലും ആരുടെ കയ്യില്‍ നിന്നും പണം വാങ്ങിയിട്ടില്ല. അത് ആലപ്പുഴയില്‍ ഉള്ളവർക്കെല്ലാം അറിയാം,’ ഡോക്ടർ പറഞ്ഞു.
ഡോക്ടർ ലളിതാംബികയുടെ ഈ പ്രതികരണങ്ങളോട് രൂക്ഷമായ ഭാഷയിലാണ് ആരോഗ്യമന്ത്രി വീണ ജോർജ് പ്രതികരിച്ചത്. നിസാരവത്കരിക്കാനാകില്ലെന്നും തക്കതായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കി. സ്റ്റാഫിന്റെ കുറവിന്റെ പേരും പറഞ്ഞ് ഇതില്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിവാകാനാകില്ല എന്നും വീണ ജോർജ് പറഞ്ഞു.
2021ലാണ് ഇപ്പോള്‍ പരാതി ഉയർന്നിരിക്കുന്ന ഓപ്പറേഷൻ വണ്ടാനം മെഡിക്കല്‍ കോളേജില്‍ നടക്കുന്നത്. 2021 മെയ് അഞ്ചിനാണ് വയറിലെ മുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടന്നതെന്നും പിന്നാലെ കഠിനമായ വേദന അനുഭവപ്പെട്ടുവെന്നും ഉഷ ജോസഫ് റിപ്പോർട്ടറിന് നല്‍കിയ പ്രതികരമത്തില്. ആശുപത്രികളില്‍ മാറിമാറി പോയി ചികിത്സ തേടി. മൂത്രത്തിലൂടെ രക്തം പോകാൻ തുടങ്ങിയപ്പോഴാണ് താൻ ടെസ്റ്റുകള്‍ നടത്തിയത്. ജോലിക്ക് പോലും പോകാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. മൂത്രസഞ്ചിയില്‍ കല്ലാണ് എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് എക്സ്റേ എടുത്തപ്പോഴാണ് വയറ്റില്‍ കത്രിക കണ്ടത് എന്നുമാണ് ഉഷയുടെ വാക്കുകള്‍.

