ഇടുക്കി അപകടം; ഭർത്താവും കുഞ്ഞും മരിച്ചതറിയാതെ ശരണ്യ; മൂവരും മൂന്ന് ആശുപത്രിയിൽ: കണ്ണീരായി ഫാമിലി ടൂർ

അടിമാലി∙ ഇടുക്കി മാങ്കുളം പോമരം വളവിൽ ഉണ്ടായ അപകടത്തിൽ ഭർത്താവും കുഞ്ഞും മരിച്ചതറിയാതെ ശരണ്യ. തേനി സ്വദേശികളായ അഭിനേഷ് മൂർത്തി – ശരണ്യ ദമ്പതികളും മകൻ ഒന്നര വയസുകാരൻ തൻവിക് വെങ്കടും ഒന്നിച്ചാണു വിനോദസഞ്ചാരത്തിന് എത്തിയത്. വാഹനം അപകടത്തിൽ പെട്ടതോടെ മൂവരും കൂട്ടം പിരിഞ്ഞു. അടിമാലി താലൂക്ക് ആശുപത്രിയിൽ ആദ്യം എത്തിച്ചത് കുട്ടിയെ ആണ്. പിന്നീട് വ്യത്യസ്ത വാഹനങ്ങളിൽ മറ്റ് ആശുപത്രികളിലേക്ക് അഭിനേഷിനെയും ശരണ്യയെയും എത്തിച്ചു.
മകനും ഭർത്താവും മരിച്ചതറിയാതെ ഇരുവരെയും കാണണമെന്നു ശരണ്യ അലമുറയിട്ടെങ്കിലും ഇരുവരും വേർപിരിഞ്ഞ വിവരം ഇവർ ഇനിയും അറിഞ്ഞിട്ടില്ല. കുട്ടി അടിമാലി താലൂക്ക് ആശുപത്രിയിൽ വച്ചും ഭർത്താവ് തൊടുപുഴയിലെ സ്വകാര്യ ആശുപതിയിൽ വച്ചുമാണ് മരിച്ചത്. ഇതൊന്നുമറിയാതെ ശരണ്യ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുകയാണ്.
ആനന്ദ പ്രഷർ കുക്കർ കമ്പനിയിലെ ഫാമിലി ടൂർ ആയിരുന്നു ദുരന്തത്തിൽ അവസാനിച്ചത്. കമ്പനിയിലെ ജീവനക്കാരും അവരുടും കുടുംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. മാങ്കുളത്തുനിന്ന് ആനക്കുളത്തേക്കു വരുന്ന വഴിയാണ് ഇവർ സഞ്ചരിച്ചിരുന്ന ട്രാവലർ 30 അടി താഴ്ചയുള്ള കൊക്കയിലേക്കു മറഞ്ഞത്. നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും വാഹനം വളരെ താഴെയായിരുന്നുകിടന്നത്. ഇതു രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. മുക്കാൽ മണിക്കൂറോളം നേരത്തെ പരിശ്രമത്തിനൊടുവിലാണ് വാഹനത്തിൽനിന്ന് ആളുകളെ പുറത്തെടുക്കാൻ സാധിച്ചത്.