സതീശന്റേത് വൃത്തികെട്ട രാഷ്ട്രീയം; അശ്ലീല വീഡിയോ ഇറക്കുന്നതിൽ പ്രശസ്തൻ- ഗുരുതര ആരോപണവുമായി ഇ.പി. ജയരരാജൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ഗുരുതര ആരോപണങ്ങളുമായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. വി.ഡി. സതീശന്റേത് വൃത്തികെട്ട രാഷ്ട്രീയമാണെന്നും അശ്ലീല വീഡിയോ ഇറക്കുന്നതിൽ സതീശൻ പ്രശസ്തനാണെന്നും ജയരാജൻ ആരോപിച്ചു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജയരാജൻ. തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ അശ്ലീല വീഡിയോ ഇറക്കിയതിനുപിന്നിൽ സതീശനായിരുന്നു. അശ്ലീല വീഡിയോ ഉപയോഗിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ഉടമയാണ് സതീശൻ. സ്വപ്ന സുരേഷിനെ ഉപയോഗിച്ച് ഇടതുപക്ഷത്തിനെതിരെ ആക്ഷേപം ഉന്നയിക്കാൻ പിന്നിൽ പ്രവർത്തിച്ചതും സതീശനാണെന്ന് ഇ.പി ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിനെടുത്ത ഫോട്ടോയിൽ തന്റെ ഭാര്യയുടെ തല വെട്ടിമാറ്റി സ്വപ്ന സുരേഷിന്റെ തല സ്ഥാപിച്ച് മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനുപിന്നിൽ സതീശന്റെ സംഘമാണെന്നും ഇ.പി ആരോപിച്ചു. ‘മത്സ്യപ്പെട്ടിയിൽ 150 കോടി കടത്തിയെന്ന ആരോപണത്തിൽ സതീശൻ ഒരക്ഷരം മിണ്ടിയില്ല. ഒരു നടപടിയും സ്വീകരിച്ചില്ല. ഉയർന്നുവന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഇ.ഡിയുടെയും ആദായനികുതി വകുപ്പിന്റെയും അന്വേഷണം വന്നു. ഇതോടെ പ്രതിപക്ഷ നേതൃപദവി ഉപയോഗിച്ചുകൊണ്ട് രക്ഷപ്പെടാനാണ് സതീശൻ നോക്കിയത്. ഫലമില്ലാതെ വന്നപ്പോൾ പിന്നീട് ഡൽഹിയിൽ പോയി ബിജെപി-ആർഎസ്എസ് നേതാക്കളെ കണ്ടു. അവിടെയുണ്ടായിരുന്ന ചിലരെ ഉപയോഗിച്ച് ഒരു സഖ്യം ഉണ്ടാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ, കേരളത്തിൽ ഇടതുപക്ഷത്തെ ശക്തമായി എതിർക്കാം, ബിജെപിയെ മൃദുവായേ പറയൂ എന്നെല്ലാമുള്ള എഗ്രിമെന്റ് ഉണ്ടാക്കി. ഇപ്പോൾ ആതാണ് സതീശൻ നടപ്പാക്കുന്നത്. കോൺഗ്രസ്- ബിജെപി അന്തർധാര ശക്തമായി പ്രവർത്തിച്ചുവരികയാണ്. ഇല്ലാത്ത കഥകളുണ്ടാക്കി രാഷ്ട്രീയ നേതാക്കളെയും മുഖ്യമന്ത്രിയെയും കുടുംബത്തെയും തേജോവധംചെയ്ത് ബിജെപിയുടെയും ആർഎസ്എസിന്റെയും ഗുഡ് ബുക്കിൽ കയറാനാണ് സതീശൻ പ്രവർത്തിക്കുന്നത്”, ജയരാജൻ ആരോപിച്ചു.