സംസ്ഥാനത്ത് 2.72 കോടി വോട്ടർമാര്‍; അവശ്യ സർവീസിൽ ഉൾപ്പെട്ടവർക്ക് വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ

തിരുവനന്തപുരം∙ അവശ്യ സർവീസിൽ ഉൾപ്പെട്ടവർക്കും തിരഞ്ഞെടുപ്പ് ജോലി ചെയ്യുന്നവർക്കും വോട്ട് ചെയ്യുന്നതിനായി നിയോജക മണ്ഡല അടിസ്ഥാനത്തിൽ വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ ആരംഭിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ. ആറ്റിങ്ങൽ മണ്ഡലത്തിൽ 1.72 ലക്ഷം ഇരട്ട വോട്ടുകളുണ്ടെന്ന് പരാതി ലഭിച്ചതായും പരിശോധനയിൽ 400 ഇരട്ട വോട്ടുകളുള്ളതായി കണ്ടെത്തി പ്രശ്നം പരിഹരിച്ചതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു. വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടത്തുന്നത് മാറ്റണോയെന്ന കാര്യം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനാണ് തീരുമാനിക്കേണ്ടത്. കേരളത്തിൽ 70 കമ്പനി കേന്ദ്രസേനയെ ആണ് പ്രതീക്ഷിക്കുന്നത്. 85 വയസ്സിന് മുകളിൽ പ്രായമുള്ള വോട്ടർമാർക്കും 40% വൈകല്യമുള്ള ഭിന്നശേഷിക്കാർക്കും വീടുകളിൽ വോട്ട് ചെയ്യാമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു.
25,177 തിരഞ്ഞെടുപ്പ് ബൂത്തുകളും 181 ഉപബൂത്തുകളും അടക്കം ആകെ 25,358 ബൂത്തുകൾ ഉണ്ടാകും. എല്ലാ ബൂത്തുകളിലും കുടിവെള്ളം, ശൗചാലയം, റാമ്പ്, വൈദ്യുതി തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. സ്ത്രീ, ഭിന്നശേഷി, യുവ, സൗഹൃദ ബൂത്തുകളും ഹരിത ബൂത്തുകളും ഉണ്ടാകും. സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന 555 ബൂത്തുകൾ, യുവാക്കൾ മാത്രം നിയന്ത്രിക്കുന്ന നൂറു ബൂത്തുകൾ, ഭിന്നശേഷിക്കാർ മാത്രം നിയന്ത്രിക്കുന്ന 10 ബൂത്തുകൾ, 2,776 മാതൃകാ ബൂത്തുകൾ എന്നിവയും ഉണ്ടാകും.
മാർച്ച് 18 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 2,72,80,160 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 1,31,84,573 പുരുഷ വോട്ടർമാരും 1,40,95,250 സ്ത്രീ വോട്ടർമാരും ആണ്. 85 വയസ്സ് പിന്നിട്ട 2,49,960 വോട്ടർമാരും 100 വയസ്സ് പിന്നിട്ട 2,999 പേരുമുണ്ട്. 3,70,933 യുവ വോട്ടർമാരും 88,384 പ്രവാസി വോട്ടർമാരും ഉണ്ട്. പുതുതായി വോട്ടർ പട്ടികയിൽ ചേർക്കുന്നതിനും പട്ടിക ശുദ്ധീകരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. മാർച്ച് 25 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കുന്നവർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാൻ അവസരം ഉണ്ടാകും.
വോട്ടെടുപ്പ് ദിവസം ബൂത്തുകളിൽ വെബ് കാസ്റ്റ് സംവിധാനം ഒരുക്കും. സംസ്ഥാനത്തെ എല്ലാ ചെക്ക് പോസ്റ്റുകളും സിസിടിവി നിരീക്ഷണത്തിൽ ആയിരിക്കും. തിരഞ്ഞെടുപ്പ് ഐഡി കാർഡിന് പുറമേ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടുള്ള മറ്റ് തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചും വോട്ട് ചെയ്യാനാകും. പൊതുജനങ്ങൾക്ക് ലോക്സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിന് ജില്ലകളിൽ 1950 എന്ന നമ്പരിലും ചീഫ് ഇലക്ടറൽ ഓഫീസിൽ 18004251965 എന്ന നമ്പരിലും ബന്ധപ്പെടാം.