തകര്‍പ്പന്‍ ബൗളിങ് പ്രകടനം പുറത്തെടുത്ത് ഡല്‍ഹി, കൊല്‍ക്കത്തയ്‌ക്കെതിരേ 128 റണ്‍സ് വിജയലക്ഷ്യം,

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് 128 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ 127 റണ്‍സിന് ഓള്‍ ഔട്ടായി. തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഡല്‍ഹി ബൗളര്‍മാരാണ് കൊല്‍ക്കത്തയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. കൊല്‍ക്കത്തയ്ക്ക് വേണ്ടി ജേസണ്‍ റോയിയും അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത ആന്ദ്രെ റസ്സലും മാത്രമാണ് തിളങ്ങിയത്. മൂന്ന് കൊല്‍ക്കത്ത ബാറ്റര്‍മാര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ഒരിക്കല്‍പ്പോലും മികച്ച രീതിയില്‍ ബാറ്റുചെയ്യാനായില്ല. ആദ്യമായി കൊല്‍ക്കത്ത ജഴ്‌സിയില്‍ കളിക്കാനിറങ്ങിയ ജേസണ്‍ റോയിയും ലിട്ടണ്‍ ദാസുമാണ് ടീമിനായി ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ലിട്ടന്‍ പെട്ടെന്ന് പുറത്തായി. നാല് റണ്‍സെടുത്ത താരത്തെ മുകേഷ് കുമാര്‍ പുറത്താക്കി. അവിടെനിന്നങ്ങോട്ട് വിക്കറ്റുകള്‍ തുരുതുരെ വീണു. വെങ്കടേഷ് അയ്യര്‍ (0), നിതീഷ് റാണ (4), മന്‍ദീപ് സിങ്, റിങ്കു സിങ് (6), സുനില്‍ നരെയ്ന്‍ (4) എന്നിവര്‍ അതിവേഗത്തില്‍ പുറത്തായി. ഒരുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മറുവശത്ത് ജേസണ്‍ റോയ് ഒറ്റയ്ക്ക് രക്ഷാപ്രവര്‍ത്തനം നടത്തി. ഒടുവില്‍ ടീം സ്‌കോര്‍ 93-ല്‍ നില്‍ക്കെ റോയിയും വീണു. 43 റണ്‍സെടുത്ത താരത്തെ കുല്‍ദീപ് യാദവ് പുറത്താക്കി. പിന്നാലെ വന്ന അങ്കുല്‍ റോയിയും (0) ഉമേഷ് കുമാറും (3) അതിവേഗത്തില്‍ മടങ്ങി. അവസാന ബാറ്ററായ വരുണ്‍ ചക്രവര്‍ത്തിയെ കൂട്ടുപിടിച്ച് ആന്ദ്രെ റസ്സലാണ് ടീം സ്‌കോര്‍ 100 കടത്തിയത്. അവസാന ഓവറുകളില്‍ റസ്സല്‍ അടിച്ചുതകര്‍ത്തതോടെയാണ് കൊല്‍ക്കത്ത മാന്യമായ സ്‌കോറിലെത്തിയത്. മുകേഷ് കുമാര്‍ ചെയ്ത അവസാന ഓവറില്‍ തുടര്‍ച്ചയായി മൂന്ന് സിക്‌സുകള്‍ പായിച്ച് റസ്സല്‍ കൊടുങ്കാറ്റായി. അതേ ഓവറിലെ അവസാന പന്തില്‍ വെങ്കടേഷ് അയ്യര്‍ പുറത്തായതോടെ ടീം ഓള്‍ ഔട്ടായി. റസ്സല്‍ 31 പന്തില്‍ 38 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനായി മിച്ചല്‍ മാര്‍ഷ് ഒഴികെ മറ്റ് ബൗളര്‍മാരെല്ലാവരും മികച്ച രീതിയില്‍ പന്തെറിഞ്ഞു. ഈ സീസണില്‍ ആദ്യമായി കളിക്കാന്‍ അവസരം ലഭിച്ച വെറ്ററന്‍ താരം ഇഷാന്ത് ശര്‍മ നാലോവറില്‍ വെറും 19 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റ് സ്വന്തമാക്കി മികച്ച പ്രകടനം പുറത്തെടുത്തു.ആന്റിച്ച് നോര്‍ക്യെ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുകേഷ് കുമാര്‍ ഒരു വിക്കറ്റ് സ്വന്തമാക്കി