KSDLIVENEWS

Real news for everyone

ഇനി വി.ഐ.പിയുമല്ല, വിവാദങ്ങളുമില്ല; നവകേരള ബസ് കോഴിക്കോട്-ബെംഗളൂരു റൂട്ടിലോടിയേക്കും

SHARE THIS ON

മുഖ്യമന്ത്രിയും മന്ത്രിമാരും കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഉടന്‍ പൊതുജനങ്ങളുടെ യാത്രയ്ക്കായി നിരത്തുകളില്‍ ഇറങ്ങും. കോഴിക്കോട്-ബെംഗളൂരു പാതയില്‍ സര്‍വീസ് നടത്താനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം രണ്ട് ദിവസത്തിനുള്ളില്‍ സ്വീകരിക്കുമെന്നാണ് വിവരം. ബസ് മാസങ്ങളായി വെറുതെ കിടക്കുന്നുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് ബസ് ഉപയോഗിക്കുന്ന കാര്യത്തില്‍ തീരുമാനം ആകുന്നത്.  നവകേരള യാത്രയ്ക്ക് ശേഷം ഈ ബസ് കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസം പദ്ധതിക്കായി നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസമാണ് ബസിന്റെ പെര്‍മിറ്റില്‍ മാറ്റം വരുത്തിയത്. കോണ്‍ട്രാക്ട് ക്യാരേജ് ആയിരുന്ന പെര്‍മിറ്റ് സ്റ്റേജ് ക്യാരേജ് ആക്കി മാറ്റം വരുത്തുകയായിരുന്നു. ടിക്കറ്റ് കൊടുത്ത് ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന രീതിയില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് നല്‍കുന്ന പെര്‍മിറ്റാണ് ഇത്. അന്തര്‍സംസ്ഥാന യാത്രയ്ക്കുള്ള പെര്‍മിറ്റ് ഈ വാഹനത്തിന് എടുക്കുന്നതായിരിക്കും അടുത്ത നടപടി. പൊതുമേഖല സ്ഥാപനമായതിനാല്‍ തന്നെ കെ.എസ്.ആര്‍.ടി.സിയെ സംബന്ധിച്ച് ഇതില്‍ കാലത്താമസമുണ്ടാകാനിടയില്ലെന്നാണ് കരുതുന്നത്. 1.15 കോടി രൂപ മുതല്‍ മുടക്കിലാണ് ഭാരത് ബെന്‍സിന്റെ ഒ.എഫ്. 1624 ഷാസിയില്‍ പ്രകാശ് ബോഡിയുമായി ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. രണ്ടാമത് ബസില്‍ വരുത്തിയ മാറ്റത്തിനും ഒന്നരലക്ഷം രൂപയോളം ചെലവായിരുന്നു. സ്റ്റേജ് ക്യാരേജ് പെര്‍മിറ്റില്‍ സര്‍വീസ് നടത്തുന്നതിനാവശ്യമായ മാറ്റങ്ങള്‍ ബസിനുള്ളിലും വരുത്തിയിട്ടുണ്ട്. സീറ്റുകളില്‍ ഉള്‍പ്പെടെയാണ് ഈ മാറ്റങ്ങള്‍. മുഖ്യമന്ത്രിക്ക് ഇരിക്കുന്നതിനായി നല്‍കിയിരുന്ന സീറ്റ് അഴിച്ചുമാറ്റിയിരുന്നു. നവകേരള സദസിന് ശേഷം ബസിനുള്ളില്‍ സര്‍വീസ് നടത്തുന്നതിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനായി ഈ ബസിന്റെ ബോഡി നിര്‍മിച്ച ബെംഗളൂരുവിലുള്ള പ്രകാശ് ബസ് ബോഡി ബില്‍ഡിങ്ങ് കമ്പനിയിലേക്ക് മാറ്റിയിരുന്നു. നവകേരള സദസ് കഴിഞ്ഞ് നാല് മാസത്തിന് ശേഷമാണ് ബസ് പുറത്തിറങ്ങുന്നത്. ബസിനുള്ളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും മറ്റുമായി ജനുവരിയില്‍ ഈ വാഹനം ബെംഗളൂരുവിലേക്ക് കൊണ്ടുപോയിരുന്നു. മൂന്ന് മാസത്തോളമാണ് ബസ് അവിടെ കിടന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ തീര്‍ക്കാവുന്ന പണികള്‍ മാത്രമുള്ള ബസ് മാസങ്ങളോളം അവിടെ കിടന്നത് അനാസ്ഥകൊണ്ടാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒരു മാസം മുമ്പ് ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌സില്‍ എത്തിക്കുകയായിരുന്നു. ചെലവുകുറഞ്ഞ വിനോദസഞ്ചാര യാത്രകളിലൂടെ ശ്രദ്ധേയമായ കെ.എസ്.ആര്‍.ടി.സി.യുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. വേനല്‍ക്കാലമായതിനാല്‍ ബജറ്റ് ടൂറിസത്തിന് യാത്രക്കാര്‍ ഏറെയുണ്ട്. ആവശ്യത്തിന് ബസില്ലാത്തതാണ് പ്രധാന തടസ്സം. എ.സി.യുള്ള നവകേരള ബസിന് ഏറെ ആവശ്യക്കാരുണ്ടാകുമെന്നായിരുന്നു വിലയിരുത്തലുകള്‍. ബസ് വര്‍ക്ക്ഷോപ്പില്‍ ഒതുക്കിയിട്ടിരിക്കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!