കേളുഗുഡ്ഡെ ഇനി കാസർകോടിന്റെ ‘ബ്രഹ്മപുരം’ അല്ല; 4 മാസത്തിനുള്ളിൽ ബയോമൈനിങ് നടത്തി സംസ്കരിക്കും

കാസർകോട് ∙ മാലിന്യം നീക്കി മുഖം മിനുക്കാൻ ഒരുങ്ങി കേളുഗുഡ്ഡെ. ഇവിടെ കെട്ടിക്കിടക്കുന്ന ടൺ കണക്കിനു മാലിന്യം 4 മാസത്തിനുള്ളിൽ ബയോമൈനിങ് നടത്തി സംസ്കരിക്കും. ലോക ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് എന്നിവയുടെ സഹായത്തോടെ സർക്കാർ നടപ്പിലാക്കുന്ന നഗര ഖര മാലിന്യ നിർമാർജന പദ്ധതിയുടെ ഭാഗമായാണ് വർഷങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യുന്നത്. കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട്(കെഎസ്ഡബ്ല്യുഎംപി)യുടെ മേൽനോട്ടത്തിൽ വ്യവസായ വികസന കോർപറേഷനാണ് ഇതിനുള്ള പദ്ധതി തയാറാക്കുന്നത്. വിശദമായ പദ്ധതി രേഖ തയാറാക്കി ടെൻഡർ നടപടികളിലേക്കു കടക്കും. സെപ്റ്റംബർ മാസത്തിൽ ബയോമൈനിങ് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
മൂടിക്കിടക്കുന്നത് ടൺ കണക്കിനു മാലിന്യം
കാസർകോടിന്റെ ‘ബ്രഹ്മപുരം’ ആയിരുന്നു ഒരുകാലത്ത് കേളുഗുഡ്ഡെ. നഗരത്തിലെ ലോഡ് കണക്കിനു മാലിന്യം വർഷങ്ങളോളം തള്ളിയിരുന്നത് കാസർകോട് നിന്ന് 3 കിലോ മീറ്റർ അകലെയുള്ള ഈ സ്ഥലത്തായിരുന്നു. തീപിടിത്തവും പതിവായിരുന്നു. നാട്ടുകാരുടെ എതിർപ്പിനെ തുടർന്നു 2013 ൽ മാലിന്യം തള്ളുന്നത് അവസാനിപ്പിച്ചെങ്കിലും കേളുഗുഡ്ഡെയുടെ മണ്ണിലേക്കും വെള്ളത്തിലേക്കും അതു വ്യാപിച്ചിരുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെ ടൺ കണക്കിനു മാലിന്യമാണ് ഇപ്പോഴും കെട്ടിക്കിടക്കുന്നത്. 11300 ഘനമീറ്റർ മാലിന്യം ഇവിടെ ഉണ്ടെന്നാണ് അധികൃതരുടെ ഏകദേശ കണക്ക്. മണ്ണിട്ടു മൂടിയതിനാൽ മാലിന്യം പുറമേക്കു കാണാനില്ലെന്നു മാത്രം.
മാലിന്യ നീക്കം ഇങ്ങനെ
ബയോമൈനിങ് നടത്തി ഇവിടെയുള്ള പ്ലാസ്റ്റിക് മുഴുവൻ വേർതിരിച്ചെടുക്കും. ഉള്ളതിൽ ഭൂരിഭാഗവും പ്ലാസ്റ്റിക് ആണ്. ഇതു മാറ്റിയ ശേഷം ജൈവ മാലിന്യം ശാസ്ത്രീയ രീതിയിൽ സംസ്കരിക്കാനാണു തീരുമാനം. മാലിന്യങ്ങൾ കെട്ടിക്കിടന്ന് വലിയ ഭീഷണിയാണ് സമീപവാസികൾ നേരിടുന്നത്. ഇതിനോടു ചേർന്നുള്ള ശുദ്ധജല സ്രോതസ്സുകളിൽ പലതും ഉപയോഗ ശൂന്യമായെന്നു നാട്ടുകാർ പറയുന്നു

