KSDLIVENEWS

Real news for everyone

ഇറാന്‍ കാരണം മകന്‍റെ വിവാഹം വീണ്ടും മാറ്റി വച്ചു: രാജ്യത്തിനായി ഞാന്‍ ചെയ്ത ത്യാഗം; വിവാദമായി നെതന്യാഹുവിന്റെ പരാമർശം

SHARE THIS ON

ജറുസലം: ഇറാനുമായുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് തനിക്കു വ്യക്തിപരമായ നഷ്ടങ്ങളുണ്ടായെന്നും മകന്‍റെ വിവാഹം രണ്ടാമതും മാറ്റിവയ്ക്കേണ്ടി വന്നുവെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. നെതന്യാഹുവിന്‍റെ പ്രസ്താവനയ്ക്കെതിരെ വന്‍ വിമര്‍ശനവും ജനരോഷവുമാണ് ഇസ്രയേലില്‍ ഉയരുന്നത്. ജനങ്ങള്‍ ജീവനായി നെട്ടോട്ടമോടുകയാണെന്നും അതിന്‍റെ ഇടയിൽ മകന്‍റെ വിവാഹം നീട്ടിവച്ചതു വലിയ വിഷയമാക്കി നെതന്യാഹു അവതരിപ്പിക്കുന്നതു ലജ്ജാകരമാണെന്നും ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. 

‘‘വ്യക്തിപരമായ നഷ്ടങ്ങളില്‍ കൂടിയാണ് നമ്മളെല്ലാം കടന്നുപോകുന്നത്. എന്‍റെ കുടുംബവും അതില്‍നിന്നു വ്യത്യസ്തമല്ല. സുരക്ഷാകാരണങ്ങളെ തുടര്‍ന്നാണ് മകന്‍ അവ്നീറിന്‍റെ വിവാഹം രണ്ടാംവട്ടവും മാറ്റിവച്ചത്. ഇതു രാജ്യത്തിനായി ഞാന്‍ ചെയ്ത ത്യാഗമാണ്. മകന്‍റെ പ്രതിശ്രുത വധുവിന് ഉണ്ടായ മാനസിക വിഷമത്തിലും നിരാശയിലും എനിക്കും ഭാര്യയ്ക്കും ഖേദമുണ്ട്. നിരവധിപ്പേര്‍ കൊല്ലപ്പെട്ടു, കുടുംബങ്ങള്‍ ഉറ്റവരുടെ വേര്‍പാടിന്‍റെ ദുഃഖത്തിലാണ്. അതില്‍ ഞാനും പങ്കുചേരുന്നു’’ – നെതന്യാഹു പറഞ്ഞു. ഈ കഠിന നിമിഷങ്ങളിലും പതറാതെ നില്‍ക്കുന്ന ധീരയെന്നു ഭാര്യ സാറയെ നെതന്യാഹു വിശേഷിപ്പിക്കുകയും ചെയ്തു. 

നവംബറില്‍ മകന്‍ അവ്നീറിന്‍റെ വിവാഹം നടത്താനാണ് നെതന്യാഹു തീരുമാനിച്ചിരുന്നത്. ഇതു മാറ്റിവയ്ക്കുകയും കഴിഞ്ഞ തിങ്കളാഴ്ച നടത്താന്‍ നിശ്ചയിക്കുകയും ചെയ്തു. ഇറാന്‍റെ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന സൊറോക്ക ആശുപത്രിയുടെ മുന്നിൽവച്ചായിരുന്നു നെതന്യാഹുവിന്റെ വിവാദ പരാമര്‍ശം. രാജ്യം കടന്നുപോകുന്ന യുദ്ധത്തിന്‍റെയും ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളുടെയും യാഥാര്‍ഥ്യത്തില്‍നിന്ന് അകലെയാണ് നെതന്യാഹുവെന്നും അതിനോടെല്ലാം മുഖം തിരിച്ചിരിക്കുന്ന സ്വാര്‍ഥനായ ഭരണാധികാരി മാത്രമാണെന്നും ആളുകള്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!