വീസയില്ലാതെ 103 രാജ്യങ്ങളിൽ പ്രവേശിക്കാം; ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ മുന്നേറി ഖത്തർ

ദോഹ: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ ഖത്തർ 52-ാം സ്ഥാനത്ത്. ആഗോള ഇൻവെസ്റ്റ്മെന്റ് മൈഗ്രേഷൻ കൺസൽറ്റൻസി ഹെൻലി ആൻഡ് പാർട്ണേഴ്സിന്റെ ഈ വർഷത്തെ ലോകത്തിലെ ശക്തമായ പാസ്പോർട്ടുകളുടെ സൂചികയിലാണ് മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി ഖത്തർ 52-ാമതെത്തിയത്.
ഖത്തർ പാസ്പോർട്ട് ഉപയോഗിച്ച് നിലവിൽ വീസയില്ലാതെ 103 രാജ്യങ്ങളിൽ പ്രവേശിക്കാം. ഒന്നാം സ്ഥാനത്തായിരുന്ന ജപ്പാൻ ഇത്തവണ മൂന്നാമതാണ്. സിംഗപ്പൂർ ആണ് ഒന്നാമത്. സിംഗപ്പൂർ പാസ്പോർട്ട് ഉപയോഗിച്ച് 192 രാജ്യങ്ങളിൽ വീസ രഹിത പ്രവേശനം സാധ്യമാകും. ജർമനി, സ്പെയ്ൻ, ഇറ്റലി എന്നീ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്ത്. ഇവിടങ്ങളിലെ പാസ്പോർട്ട് ഉപയോഗിച്ച് 190 രാജ്യങ്ങൾ സന്ദർശിക്കാം.
ഓസ്ട്രിയ, ഫിൻലാൻഡ്,ഫ്രാൻസ്, ജപ്പാൻ, ലക്സംബർഗ്, ദക്ഷിണ കൊറിയ, സ്വീഡൻ എന്നിവയാണ് മൂന്നാം സ്ഥാനത്ത്-189 രാജ്യങ്ങളിലേക്കാണ് വീസ രഹിത പ്രവേശനം. പാസ്പോർട്ട് ഉപയോഗിച്ച് വീസയില്ലാതെ എത്ര രാജ്യങ്ങളിൽ പ്രവേശിക്കാം എന്നതും സാമ്പത്തികം ഉൾപ്പെടെയുള്ള ഘടകങ്ങളും വിലയിരുത്തിയാണ് പട്ടിക തയാറാക്കുന്നത്. ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ പ്രകാരമാണിത്.

