KSDLIVENEWS

Real news for everyone

അർജുനെ കണ്ടെത്താൻ കാസർകോട്ടെ മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥരും

SHARE THIS ON

കാർവാർ(കർണാടക): ഉത്തര കന്നഡ ജില്ല അങ്കോള താലൂക്ക് ഷിരൂരിൽ ദേശീയപാതയോടു ചേർന്ന് മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തന സ്ഥലത്ത് കാസർകോടു നിന്നുള്ള മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘവും.എംവിഐ ടി.ചന്ദ്രകുമാറിന്റെ നേതൃത്വത്തിൽ എഎംവിഐമാരായ എം.സുധീഷ്, എ.അരുൺരാജ്, ഡ്രൈവർ മനോജ് എന്നിവരടങ്ങിയ സംഘമാണ് ഇന്നലെ വൈകിട്ട് 5ന് സംഭവ സ്ഥലത്തെത്തിയത്.

കഴിഞ്ഞ 16ന് രാവിലെ 8.30നാണ് ഇവിടെ മണ്ണിടിച്ചിലുണ്ടായത്. 2 കുട്ടികൾ‌, 2 സ്ത്രീകൾ, 3 പുരുഷൻമാർ എന്നിങ്ങനെ 7 പേരുടെ മൃതദേഹം കണ്ടെടുത്തു. പ്രദേശത്തെ ഒരു ചായക്കടയോട് ചേർന്നാണ് മണ്ണിടിച്ചിലുണ്ടായത്. ഒരു കാറും ടാങ്കർ ലോറിയും മണ്ണിനടിയിലായി. പൊലീസും അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തനം തുടരുന്നു. കനത്ത മഴ രക്ഷാ പ്രവർത്തനത്തിനു തടസ്സമാകുന്നുണ്ട്.


മുഖ്യമന്ത്രിയും കലക്ടറും ഇടപെട്ടു
മംഗളൂരു–ഉഡുപ്പി–കുന്താപുരം–ബഡ്ക്കൽ‌–ഹൊന്നവര–കുംട്ട–ഷീറൂർ റൂട്ടിലാണ് സംഭവം. അടിയന്തിര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി കെ.വേണുവിന് നിർദേശം നൽകി. ഉത്തര കന്നഡ ജില്ലയിലെ ഡപ്യൂട്ടി കമ്മിഷണറുമായി കാസർകോട് കലക്ടർ‌ കെ.ഇമ്പശേഖരൻ ആശയവിനിമയം നടത്തി. രക്ഷാപ്രവർ‌ത്തനം നടന്നു വരികയാണെന്ന് അദ്ദേഹം അറിയിച്ചു. ഉത്തര കന്നഡ ജില്ലയിൽ റെഡ് അലർട്ട് തുടരുകയാണ്.

സിദ്ധരാമയ്യയുടെ സഹായം തേടി കെ.സി.വേണുഗോപാൽ
അർജുനെ കണ്ടെത്താൻ അടിയന്തര നടപടി ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി സംസാരിച്ചു. അർജുനെ രക്ഷിക്കാൻ സാധ്യമായ എല്ലാ രക്ഷാപ്രവർത്തനങ്ങളും അടിയന്തരമായി ചെയ്യണമെന്ന് കെ.സി.വേണുഗോപാൽ കർണാടക മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഊർജിതമായ രക്ഷാപ്രവർത്തനങ്ങൾ നടത്താൻ സിദ്ധരാമയ്യ കർണാടക ലോ ആൻഡ് ഓർഡർ എഡിജിപി ആർ.ഹിതേന്ദ്രയോട് നിർദേശിച്ചു. .കർണാടക മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ടാണ് രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തുന്നത്. ഉത്തര കന്നഡ ഡപ്യൂട്ടി കമ്മിഷണർ(ജില്ലാ കലക്ടർ) എസ്പി എന്നിവരോട് അപകടസ്ഥലത്ത് തുടരാൻ നിർദേശം നൽകിയിട്ടുണ്ട്.

error: Content is protected !!