KSDLIVENEWS

Real news for everyone

കാസർകോട് ജില്ലയെ വിറപ്പിച്ച് മഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിലായി; വീടുകൾ തകർന്നു

SHARE THIS ON

കാസർകോട് : ജില്ലയിൽ കാലവർഷത്തെ തുടർന്ന് പുഴകളിലെ ജലനിരപ്പ് ഉയർന്നു. കാലവർഷക്കെടുതിയിൽ ഇതുവരെ 164 വീടുകൾ പൂർണമായും 10 വീടുകൾ ഭാഗികമായും തകർന്നു. 2 ചുറ്റുമതിലുകൾ തകർന്നു. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ്  പ്രവചനം ഉപ്പള, ഷിറിയ പുഴകളിലെ ജലനിരപ്പ് അപകടനില കടന്നു. ചന്ദ്രഗിരി, മൊഗ്രാൽ, കാര്യങ്കോട്, നീലേശ്വരം പുഴകളിലെ ജലനിരപ്പ് മുന്നറിയിപ്പ് നില കടന്നിട്ടുണ്ട്. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷന്റെ മതിൽ മരം വീണു തകർന്നു. കൂടാൽമേർക്കള അങ്ങാടി മൊഗറർ അലങ്കാറിലെ മൈമൂനയുടെ വീടു പൂർണമായി തകർന്നു.

ഇതോടെ ഇവരെ സമീപത്തെ ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റി. ബംബ്രാണ ബയാൽ ആമിനയുടെ വീട് തെങ്ങ് വീണു തകർന്നു. ജില്ലയിലെ പലയിടങ്ങളിലും മരങ്ങൾ വീണു വൈദ്യുതി ബന്ധം താറുമായിട്ടുണ്ട്.  താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിലായി.  ജില്ലയിൽ 24 മണിക്കൂറിൽ 80.733 മില്ലിമീറ്റർ മഴ ലഭിച്ചു. ഇന്നലെ മഞ്ചേശ്വരത്ത് 42 മില്ലിമീറ്റർ, ഉപ്പള 56.3, പൈക്ക 65, മധൂർ 66 , വിദ്യാനഗർ 55.4, പടിയത്തടുക്ക 81.4, കല്യോട്ട് 114.8,ഷേണി 86.4,എരിക്കുളം 86.4, ചീമേനി 79.6, വെള്ളച്ചാൽ 102.6 മില്ലിമീറ്റർ മഴ ലഭിച്ചു.

നീലേശ്വരം കടിഞ്ഞിമൂല ഭാഗത്ത് കരയിടിച്ചിലുണ്ടായ പ്രദേശം

ജില്ലയിൽ  മഴയ്‌ക്ക്‌ നേരിയ കുറവ്‌ അനുഭവപ്പെട്ടെങ്കിലും ദുരിതത്തിന്‌ അറുതിയായില്ല.
തേജസ്വിനി പുഴ കരകവിഞ്ഞതിനെ തുടർന്ന് വ്യാഴം രാത്രി 12 ഓടെ പേരോൽ വില്ലേജിലെ നിരവധി വീടുകളിൽ വെള്ളം കയറി.  പൊടോത്തുരുത്തി, ചാത്തമത്ത് പ്രദേശങ്ങളിൽനിന്ന് 12 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. പൊടോത്തുരുത്തിയിലെ അഞ്ചും ചാത്തമത്തെ 7 കുടുംബങ്ങളാണ്  മാറിയത്. ഒരു കുടുംബത്തിലെ 4 പേരെ വെള്ളിയാഴ്‌ച പുലർച്ചെ ചാത്തമത്ത് ആലയിൽ ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിലെ  ക്യാമ്പിലേക്കും മാറി.  പ്രദേശത്തെ 120 ഓളം വീടുകളിൽ വെള്ളം കയറിയിരുന്നു.    മഴയുടെ ശക്തി കുറഞ്ഞതിനാൽ വീടുകളിൽ നിന്നും വെള്ളം ഇറങ്ങി. നഗരസഭാ ചെയർപേഴ്സൺ ടി വി ശാന്ത, സെക്രട്ടറി കെ മനോജ്, കൗൺസിലർ ടി പി ലത,  വില്ലേജ് ഓഫീസർ മധു കൊടക്കാട് എന്നിവർ സ്ഥലം സന്ദർശിച്ചു.   തഹസിൽദാർ എം മായയുടെ നേതൃത്വത്തിലുള്ള സംഘം  വില്ലേജ്‌ ഓഫീസിലെത്തി വിവരങ്ങൾ ശേഖരിച്ചു. 
  മടിക്കൈ  ചാർത്താങ്കാൽ, മണക്കടവ് ബിസിബി കം ബ്രിഡ്ജുകൾ വെള്ളത്തിനടിയിലായതോടെ വാഹന ഗതാഗതം  നിലച്ചു. എരിക്കുളം, നാര, ചാളക്കടവ്, പോത്തംകൈ  പ്രദേശങ്ങളിലുള്ളവർക്ക്‌ പൂത്തക്കാൽ കുടുംബാരോഗ്യ കേന്ദ്രത്തിലേക്കും മറ്റും എത്താൻ പറ്റാതായി.  വെള്ളിയാഴ്ച വെള്ളം ഇറങ്ങി തുടങ്ങിയതോടെ വൈകിട്ടോടെ  ഗതാഗതം പുനസ്ഥാപിച്ചു. പാറക്കോൽ പാലത്തിന് മുകളിൽ വെള്ളം ഇറങ്ങിയതോടെ  തീരദേശ റോഡിൽ ഗതാഗതം പുനസ്ഥാപിച്ചു. 
 ചിത്താരി  ഇട്ടമ്മലിൽ വീടുകളിൽ വെള്ളംകയറി.   
കള്ളാർ കൊള്ളികൊച്ചിയിലെ മാണിക്കന്റെയും കണ്ണന്റെയും വീടിന്റെ മുൻവശം തകർന്നു. വിവിധയിടങ്ങളിൽ മരങ്ങൾ ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി കമ്പികൾ പൊട്ടി വീണ് രാജപുരം, ബളാംതോട് സെക്ഷൻ പരിധികളിൽ വൈദ്യുതി നിലച്ചു.

error: Content is protected !!