കരിപ്പൂര്‍ വിമാനപകടം: രക്ഷാ ദൗത്യത്തിനിറങ്ങിയ 53 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട് | കരിപ്പൂര്‍ വിമാന അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ 53 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 824 പേരുടെ ഫലം നെഗറ്റീവായി. നേരത്തെ 18 രക്ഷാപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ കൊണ്ടോട്ടി, നെടിയിരുപ്പ് പ്രദേശങ്ങളില്‍ നിന്നുള്ള സമീപവാസികളായ 150 ഓളം പേര്‍ അന്ന് മുതല്‍ തന്നെ നിരീക്ഷണത്തില്‍ പോയിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മലപ്പുറം ജില്ലാ കലക്ടര്‍, അസി. കലക്ടര്‍, സബ് കലക്ടര്‍ എസ്പി, എഎസ്പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഇവിടെ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രിയും 7 മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പോയിരുന്നു.
ആഗസ്റ്റ് ഏഴിനാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെ ലാന്‍ഡിംഗിനിടെ എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ദുബൈ- കോഴിക്കോട് വിമാനം റണ്‍വേയില്‍ നിന്നും നിയന്ത്രണം തെറ്റി കോംപൗണ്ട് വാളില്‍ ഇടിച്ച് അപകടമുണ്ടായത്.