ബില്ലുകളിൽ തീരുമാനം വൈകിയാൽ പോംവഴിയെന്തെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ തീരുമാനമെടുക്കാതെ വര്‍ഷങ്ങളോളം വൈകിച്ചാല്‍ ഭരണഘടനാപരമായി എന്താണ് പോംവഴിയെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി. അങ്ങനെയുണ്ടായാല്‍പ്പോലും ഗവര്‍ണറുടെ ജോലി കോടതിക്ക് ഏറ്റെടുക്കാനോ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാനോ സാധിക്കില്ലെന്ന് കേന്ദ്രത്തിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ടരമണി പറഞ്ഞു.
ബില്ലുകളില്‍ തീരുമാനമെടുക്കുന്നത് സംബന്ധിച്ച രാഷ്ട്രപതിയുടെ റഫറന്‍സില്‍ വിശദവാദം ആരംഭിച്ച ചൊവ്വാഴ്ചയാണ് ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന ചോദ്യമുണ്ടായത്.
അതേസമയം, ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയക്രമം നിശ്ചയിച്ച തമിഴ്നാട് കേസിലെ വിധിയുടെ ശരിതെറ്റുകള്‍ പരിശോധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. രാഷ്ട്രപതി ഉന്നയിച്ച നിയമപ്രശ്‌നങ്ങളില്‍ അഭിപ്രായമറിയിക്കുക മാത്രമാണ് തങ്ങളുടെ ദൗത്യമെന്നും ബെഞ്ച് പറഞ്ഞു.
രാഷ്ട്രപതിയുടെ റഫറന്‍സ് നിലനില്‍ക്കില്ലെന്ന കേരളത്തിന്റെയും തമിഴ്നാടിന്റെയും വാദത്തോട് സുപ്രീംകോടതി പ്രഥമദൃഷ്ട്യാ വിയോജിച്ചു. ഭരണഘടനയുടെ 143-ാം അനുച്ഛേദപ്രകാരം നിയമപ്രശ്‌നങ്ങളില്‍ രാഷ്ട്രപതി സുപ്രീംകോടതിയുടെ അഭിപ്രായം തേടുന്നതില്‍ എന്താണ് തെറ്റെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
റഫറന്‍സിനെ നിങ്ങള്‍ എതിര്‍ക്കുന്നത് ശരിക്കും ഗൗരവമായിത്തന്നെയാണോയെന്നും കേരളത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാലിനോട് ബെഞ്ച് ആരാഞ്ഞു.