KSDLIVENEWS

Real news for everyone

ഒരുമാസത്തിലധികം ജയിലില്‍ കിടന്നാല്‍ മന്ത്രിക്കസേര തെറിക്കും; നിര്‍ണായക ബില്ലുമായി കേന്ദ്രം

SHARE THIS ON

ന്യൂഡല്‍ഹി: നിര്‍ണായക ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഒരു മാസത്തിലധികം ജയിലിലാകുന്ന മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടമാകുന്ന ബില്ലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിക്കാനൊരുങ്ങുന്നത്. എന്നാല്‍, അഞ്ചോ അതിലധികമോ വര്‍ഷം ശിക്ഷ ലഭിക്കുന്ന കേസുകളില്‍ പ്രതിയാകുന്ന മന്ത്രിമാര്‍ക്കാകും ഇത് ബാധകമാകുകയെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിമാര്‍ക്കെതിരെ ഉണ്ടാകുന്ന അഴിമതി ആരോപണങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ബില്‍ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം.

അഴിമതി കേസില്‍ ഉള്‍പ്പെടെ അറസ്റ്റിലായി 30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ 31-ാം ദിവസം മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടപ്പെടുമെന്നാണ് ബില്ലില്‍ പറയുന്നത്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും ഇത് ബാധകമാണ്. 30 ദിവസം തുടർച്ചയായി കസ്റ്റഡിയിൽ കഴിയേണ്ടിവരുന്ന മന്ത്രിമാരെ പുറത്താക്കാൻ മുഖ്യമന്ത്രിമാർ ഗവർണർക്ക് ശുപാർശചെയ്യണം. തുടർന്ന് ഗവർണർമാർ മന്ത്രിമാരെ പുറത്താക്കണം. രാജിവെച്ചില്ലെങ്കിലും 31-ാം ദിവസം ഇവർ മന്ത്രിമാരല്ലാതാകും. മൂന്ന് സുപ്രധാനബില്ലുകളാണ് സഭയിലെത്തുക. 130-ാം ഭരണഘടനാ ഭേദഗതി ബില്ലും കേന്ദ്രഭരണപ്രദേശ ഭരണഭേദഗതി ബില്ലും ജമ്മു-കശ്മീർ പുനഃസംഘടനാ ഭേദഗതി ബില്ലുമാണ് ഇതിനായി അവതരിപ്പിക്കുക.

എന്നാല്‍, ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങി കഴിഞ്ഞാല്‍ വീണ്ടും ഈ സ്ഥാനത്ത് എത്താന്‍ മറ്റ് തടസ്സങ്ങള്‍ ഉള്ളതായി ഈ ബില്ലില്‍ പറയുന്നില്ല. നേതാക്കള്‍ ജനങ്ങള്‍ക്ക് മാതൃകയാകേണ്ടവരാണ്. ഇത്തരക്കാര്‍ ജയിലില്‍ കിടന്നുകൊണ്ട് ഭരണം നടത്തുന്നത് ഉചിതമല്ലെന്നാണ് സര്‍ക്കാരിന്റെ വാദം. ഗുരുതരമായ ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ നേരിട്ട് ഒരു മന്ത്രി അറസ്റ്റിലാകുന്നത് ഭരണഘടനാ ധാര്‍മികതയെ ദുര്‍ബലപ്പെടുത്തുമെന്നുമാണ് ബില്ലുമായി ബന്ധപ്പെട്ട് നല്‍കുന്ന വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!