KSDLIVENEWS

Real news for everyone

ഇന്ത്യയുടെ അഗ്നി-5 പരീക്ഷണം വിജയം: നെഞ്ചിടിച്ച് ചൈനയും പാകിസ്താനും; യൂറോപ്യൻ ഭൂഖണ്ഡത്തോളം പരിധി

SHARE THIS ON

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആണവായുധ വാഹകശേഷിയുള്ള ഇടത്തരം ബാലിസ്റ്റിക് മിസൈലായ (ഐആര്‍ബിഎം) അഗ്നി-5 വിജയകരമായി പരീക്ഷിച്ചതായി പ്രതിരോധ മന്ത്രാലയം. ഒഡിഷയിലെ ചാന്ദിപ്പുരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ (ഐടിആര്‍) നിന്ന് ബുധനാഴ്ചയാണ് പരീക്ഷണ വിക്ഷേപണം നടന്നത്. മിസൈലിന്റെ സാങ്കേതികവും പ്രായോഗികവുമായ എല്ലാ കഴിവുകളും വിക്ഷേപണത്തില്‍ സ്ഥിരീകരിച്ചു. സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡിന്റെ കീഴിലായിരുന്നു പരീക്ഷണ വിക്ഷേപണം.

പതിവ് യൂസര്‍ ട്രയലുകളുടെ ഭാഗമായിരുന്നു ഈ പരീക്ഷണമെന്ന് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ച അഗ്നി-5, അയ്യായിരം കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഇന്ത്യയുടെ ഏറ്റവും നൂതനമായ ദീര്‍ഘദൂര മിസൈലുകളിലൊന്നാണ്. ആധുനിക നാവിഗേഷന്‍, ഗൈഡന്‍സ്, പോര്‍മുന, പ്രൊപ്പല്‍ഷന്‍ സാങ്കേതികവിദ്യകള്‍ അടങ്ങിയ ഇത് ഇന്ത്യയുടെ ആണവ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നു.

ഒന്നിലധികം ലക്ഷ്യങ്ങളെ ഒരേസമയം ഭേദിക്കാന്‍ ശേഷിയുള്ള (എംഐആര്‍വി) ഭൂതല ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണിത് (ഐസിബിഎം). ഒരേസമയം മൂന്ന് ആണവ പോര്‍മുനകള്‍വരെ വഹിക്കാനും പ്രയോഗിക്കാനും അഗ്നി-5ന് കഴിയും. 2024 മാര്‍ച്ച് 11-ന് തമിഴ്‌നാട്ടിലെ കല്‍പ്പാക്കത്തുനിന്ന് ഇതിന്റെ ആദ്യത്തെ എംഐആര്‍വി പരീക്ഷണം നടത്തിയിരുന്നു. ഒന്നിലധികം പോര്‍മുനകള്‍ വഹിക്കാനും വിക്ഷേപിക്കാനുമുള്ള കഴിവ് ഇതിലൂടെ തെളിയിക്കപ്പെട്ടു. ബങ്കര്‍-ബസ്റ്റര്‍ ബോംബ് സാങ്കേതികവിദ്യ സംയോജിപ്പിച്ച്, സുരക്ഷിതവും ഉറപ്പുള്ളതുമായ ലക്ഷ്യങ്ങളെ തകര്‍ക്കാനുള്ള ശേഷി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് പുതിയ പതിപ്പുകള്‍ വികസിപ്പിക്കുകയാണ്. 5,000 കിലോമീറ്ററാണ് മിസൈലിന്റെ ദൂരപരിധി. 7,500 കിലോമീറ്റര്‍ വരെ ദൂരപരിധി പ്രതീക്ഷിക്കുന്ന ഒരു നവീകരിച്ച പതിപ്പിന്റെ നിര്‍മ്മാണത്തിലാണ് ഡിആര്‍ഡിഒ.

ചൈനയ്‌ക്കെതിരായ ഇന്ത്യയുടെ ആണവ പ്രതിരോധം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ആഗ്‌നി-അഞ്ച് ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈൽ വികസിപ്പിച്ചത്. ഇതിന് മുമ്പ് അഗ്‌നി-3 ആയിരുന്നു ഇന്ത്യയുടെ ഉയര്‍ന്ന പരിധിയുള്ള മിസൈല്‍. മധ്യഇന്ത്യയില്‍നിന്ന് വിക്ഷേപിച്ചാല്‍ ചൈനയുടെ കിഴക്കന്‍, വടക്കുകിഴക്കന്‍ മേഖലകളിലെ ലക്ഷ്യത്തിലെത്താന്‍ ഈ മിസൈല്‍ പര്യാപ്തമായിരുന്നില്ല. ചൈനയുടെ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളില്‍ ഭൂരിഭാഗവും അതിന്റെ കിഴക്കന്‍ കടല്‍ത്തീരത്താണ് എന്നതും കൂടുതല്‍ ദൂരപരിധിയുള്ള ഒരു മിസൈല്‍ എന്ന ആവശ്യം അനിവാര്യമാക്കി. ഇതോടെയാണ് ഇന്ത്യ കൂടുതല്‍ ദൂരപരിധിയുള്ള അഗ്‌നി-5 വികസിപ്പിക്കുന്നത്.

3500 മുതല്‍ 5000 കിലോ മീറ്റര്‍ വരെ റേഞ്ചും രണ്ടുഘട്ടങ്ങളുമുണ്ടായിരുന്ന അഗ്‌നി-3 ന്റെ പരിഷ്‌കരിച്ച രൂപമാണിത്. അഗ്‌നി മൂന്നിന്റെ അടിസ്ഥാനരൂപകല്പനയില്‍ ഒരുഘട്ടംകൂടി ചേര്‍ത്താണ് അഗ്‌നി- 5ന്റെ നിര്‍മാണം. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിന് പുറമേ പ്രധാന വ്യവസായ നഗരങ്ങളില്‍പോലും എത്താന്‍ കഴിയുന്ന അഗ്‌നി-5 സ്വന്തമായതോടെ ഏഷ്യയില്‍ ചൈനയ്ക്കുണ്ടായിരുന്നു മുന്‍തൂക്കത്തിന് വെല്ലുവിളി ഉയര്‍ത്താനായി. ഏഷ്യയ്ക്ക് പുറമേ ആഫ്രിക്ക പൂര്‍ണമായും യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ പകുതിയും മിസൈലിന്റെ പരിധിയില്‍ വരും.

ഇന്ത്യയുടെ പുതിയ പരീക്ഷണം പാകിസ്താനിലും കടുത്ത ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. പാകിസ്താന്‍റെ സ്ട്രാറ്റജിക് വിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്‌വിഐ) ഇന്ത്യയുടെ മിസൈല്‍ പദ്ധതി പ്രാദേശിക സ്ഥിരതയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെയും സൈനിക മേധാവി അസിം മുനീറിനെയും അറിയിച്ചതായാണ് റിപ്പോർട്ട്. 2016 മുതല്‍ ഇന്ത്യയുടെ മിസൈല്‍ വികസനം വേഗത്തിലായെന്നും എസ്‌വിഐ ചൂണ്ടിക്കാട്ടി. ഭാവിയില്‍ 8,000 കിലോമീറ്ററില്‍ കൂടുതല്‍ ദൂരപരിധിയുള്ള മിസൈലുകള്‍ വരുന്നതോടെ, യുഎസ്എ, റഷ്യ വരെ ലക്ഷ്യമിടാന്‍ ഇന്ത്യക്ക് കഴിഞ്ഞേക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!