KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് മഴ കനത്തു ; അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു ; ഡാമുകൾ തുറന്നു

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ മറ്റന്നാള്‍ വരെ തുടരുമെന്ന് മുന്നറിയിപ്പ്. മഴ കനത്തതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നു. നെയ്യാര്‍ അണക്കെട്ടിന്‍റെ നാല് ഷട്ടറുകളും അരുവിക്കര അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകളും ഉയര്‍ത്തി. കേരള ഷോളയാറും പെരിങ്ങല്‍ക്കുത്തും തുറന്നു. മലമ്ബുഴ, പോത്തുണ്ടി അണക്കെട്ടുകള്‍ രാവിലെ ഒന്‍പത് മണിക്ക് തുറക്കും. വയനാട് ബാണാസുര സാഗറും തുറക്കും.

ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കി അണക്കെട്ടില്‍ 80 ശതമാനം വെള്ളമുണ്ട്. 13 അടി കൂടി ഉയര്‍ന്നാല്‍ ചെറുതോണി അണക്കെട്ട് തുറക്കേണ്ടി വരും. നിലവില്‍ മലങ്കര അണക്കെട്ടിന്റെ 5ഷട്ടറുകള്‍ 10സെന്‍റ്ിമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്.കുണ്ടള അണക്കെട്ട് തുറന്നു മാട്ടുപ്പെട്ടി ജലാശയത്തിലേക്കു വെള്ളം ഒഴുക്കുന്നുണ്ട്. പാംബ്ലാ അണക്കെട്ട് ഇന്നലെ തുറന്നു.

മഴ ശക്തമായി പെയ്യുന്ന വയനാട്ടിലെ കടമാന്‍തോട്, പനമരം പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കോട്ടയത്തും ശക്തമായ കാറ്റും മഴയുമാണ്. കേരള തീരത്ത് ശക്തമായ തിരമാലയ്ക്ക് സാധ്യതയുണ്ടെന്നാണ് വിവരം. മഴ ശക്തമായാല്‍ കല്ലാര്‍കുട്ടി, ഹെഡ്‍വര്‍ക്സ്, മാട്ടുപ്പെട്ടി തുടങ്ങിയ ചെറുഡാമുകളും തുറക്കേണ്ടി വരും. പാലക്കാട് ജില്ലയിലെ മലമ്ബുഴ, പോത്തുണ്ടി അണക്കെട്ടുകളുടെ ഷട്ടര്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. കല്‍പ്പാത്തി,ഗായത്രി പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. നിലവില്‍ കാഞ്ഞിരപ്പുഴ , മംഗലം ഡാമുകളുടെ ഷട്ടര്‍ ഉയര്‍ത്തിയിട്ടുണ്ട്. അട്ടപ്പാടിയിലെ ഭവാനിപ്പുഴയിലും ജലനിരപ്പുയര്‍ന്നിട്ടുണ്ട്.

നാല് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്. തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ ജില്ലകള്‍ ഒഴികെ എല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!