KSDLIVENEWS

Real news for everyone

പ്രതിദിനം 30 കുട്ടികളെ തെരുവുനായ കടിക്കുന്നു; സുപ്രീംകോടതിയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്.

SHARE THIS ON

ന്യൂഡല്‍ഹി: സമീപകാലത്ത് പ്രതിദിനം 30 കുട്ടികള്‍ക്ക് തെരുവുനായകളുടെ കടിയേല്‍ക്കുന്നുവെന്ന് കണ്ണൂര്‍ ജില്ലാപഞ്ചായത്തിന്റെ സത്യവാങ്മൂലം. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 465 കുട്ടികള്‍ക്ക് തെരുവുനായകളുടെ കടിയേറ്റെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ സുപ്രീംകോടതിയില്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു. കണ്ണൂര്‍ ജില്ലാപഞ്ചായത്തത്തിന്റെ പരിധിയില്‍ 23,666 തെരുവുനായകളുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിരിക്കുന്നത്. ഇതിനുപുറമെ 48,055 വളര്‍ത്തുനായകളുമുണ്ട്. 18 വയസ്സിന് താഴെയുള്ള 465 കുട്ടികള്‍ക്കാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ തെരുവുനായകളുടെ കടിയേറ്റത്. ജില്ലാ മെഡിക്കല്‍ ഓഫീസറെ ഉദ്ധച്ചാണ് ഈ കണക്ക് സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തെരുവുനായകളുടെ കടിയേറ്റ കുട്ടികളില്‍ പലരുടെയും പരിക്ക് ഗുരുതരമായിരുന്നു. തെരുവുനായയുടെ കടിയേറ്റ് 11 വയസ്സുകാരനായ നിഹാലിന്റെ ജീവന്‍ നഷ്ടപ്പെട്ട കാര്യവും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനിക്കാന്‍ മൂന്നംഗ വിദഗ്ധ സമിതി രൂപവത്കരിക്കാവുന്നതാണെന്നും കണ്ണൂര്‍ ജില്ലാപഞ്ചയാത്ത് സുപ്രീംകോടതിയെ അറിയിച്ചു. തദ്ദേശസ്ഥാപനത്തിന്റെ മേധാവി, പൊതു ആരോഗ്യവകുപ്പ്, മൃഗക്ഷേമ സംഘടനാ പ്രതിനിധികൾ എന്നിവർ അടങ്ങുന്ന സമിതി രൂപവത്കരിക്കണെമെന്ന നിര്‍ദേശമാണ് ജില്ലാപഞ്ചായത്ത് മുന്നോട്ടുവയ്ക്കുന്നത്. സമിതി രൂപവത്കരിക്കുന്നതോടെ ദയാവധം സംബന്ധിച്ച ഏകപക്ഷീയമായ തീരുമാനങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്ന് അഭിഭാഷകരായ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍, ബിജു പി. രാമന്‍ എന്നിവര്‍ മുഖേന ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സീനിയര്‍ അഭിഭാഷകന്‍ പി.വി. സുരേന്ദ്രനാഥാണ് ജില്ലാപഞ്ചായത്തിനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!