KSDLIVENEWS

Real news for everyone

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോ ‘ നീം ജി ഇനി വിദേശ രാജ്യങ്ങളിലെ നിരത്തുകളിലും

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോ മൊബൈല്‍ ലിമിറ്റഡ് നിര്‍മിക്കുന്ന ഇലക്‌ട്രിക്ക് ഓട്ടോ നീം ജിയുടെ നേപ്പാളിലേക്കുള്ള കയറ്റുമതി ആരംഭിച്ചു. ആദ്യ ബാച്ച്‌ ഇ- ഓട്ടോകളുടെ ഫ്ളാഗ് ഓഫ് വ്യവസായ മന്ത്രി ഇപി ജയരാജന്‍ നിര്‍വഹിച്ചു. അദ്യ ഘട്ടത്തില്‍ 25 ഓട്ടോകളാണ് നേപ്പാളില്‍ എത്തിക്കുക. വാഹനങ്ങളുടെ അനുബന്ധ രേഖകള്‍ നേപ്പാളിലെ ഡീലര്‍മാര്‍ക്ക് മന്ത്രി കൈമാറി.സര്‍ക്കാരിന്റെ ദൈനംദിന ഇടപെടലുകളും കെഎഎല്‍ ജീവനക്കാരുടെ ശ്രമകരമായ പ്രവര്‍ത്തനവുമാണ് നഷ്ടത്തിലായിരുന്ന സ്ഥാപനത്തെ ഉയര്‍ച്ചയിലേക്ക് എത്തിച്ചതെന്ന് മന്ത്രി പറഞ്ഞു.

ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കും ഓട്ടോകള്‍ കയറ്റി അയയ്ക്കും. കെനിയ, ഈജിപ്റ്റ് തുടങ്ങി നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും അന്വേഷണം ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ 24 കോടി രൂപയാണ് കെഎഎല്ലിന് നല്‍കിയത്. കോവിഡ് ആശ്വാസമായി അഞ്ച് കോടി രൂപ കൂടി നല്‍കും. എല്ലാ ജില്ലകളിലും വനിതകള്‍ക്ക് ഇ- വാഹനം നല്‍കുന്ന പദ്ധതിക്ക് രൂപം നല്‍കും. വ്യവസായ വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്ന വനിത സഹകരണ സംഘങ്ങളിലെ 25 പേര്‍ക്ക് ഇ- ഓട്ടോ സബ്സിഡിയോടെ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിയിലൂടെ വനിതകള്‍ക്ക് സ്വയം തൊഴില്‍ നേടാനാകുമെന്നും മന്ത്രി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളെ മെപ്പെടുത്തുകയാണ് സര്‍ക്കാര്‍ നയം. കെഎംഎംഎല്ലില്‍ ആധുനിക ഓക്സിജന്‍ പ്ലാന്റ് സ്ഥാപിച്ചതു വഴി വര്‍ഷം 12 കോടി ലാഭിക്കാനായി. ഇവിടെ ഉത്പാദിപ്പിക്കുന്ന ഓക്സിജന്‍ വയനാട്, കോഴിക്കോട് ജില്ലകളിലെ ആരോഗ്യസ്ഥാപനങ്ങളിലെ ആവശ്യങ്ങള്‍ക്കായി നല്‍കി തുടങ്ങിയതായും മന്ത്രി അറിയിച്ചു. ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കുകയാണ് സര്‍ക്കാര്‍ നയം. പൊതുമേഖലാ സ്ഥാപനങ്ങളിലെ എല്ലാ ഒഴിവുകളും നികത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!