കോലിയുടെ സെഞ്ചുറിയ്ക്കായി കണ്ണടച്ചോ?, ആരാധകരെ അത്ഭുതപ്പെടുത്തി അമ്പയര്‍

പുണെ: ആരാധകരെ ആവേശക്കൊടുമുടിയിലെത്തിച്ചുകൊണ്ടാണ് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി ബംഗ്ലാദേശിനെതിരായ ഏകദിന ലോകകപ്പ് മത്സരത്തില്‍ സെഞ്ചുറി നേടിയത്. മത്സരത്തില്‍ കോലിയുടെ അപരാജിത സെഞ്ചുറി ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചു. എന്നാല്‍ കോലിയുടെ സെഞ്ചുറിയുമായി ബന്ധപ്പെട്ടൊരു കാര്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. അമ്പയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബറോയുടെ ഒരു തീരുമാനമാണ് ഈ സംഭവത്തിനാധാരം. ഇന്ത്യയുടെ ഇന്നിങ്‌സിലെ 42-ാം ഓവറിലാണ് സംഭവമരങ്ങേറിയത്. നസും അഹമ്മദാണ് പന്തെറിയാനെത്തിയത്. അപ്പോള്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ രണ്ട് റണ്‍സും കോലിയ്ക്ക് സെഞ്ചുറി തികയ്ക്കാന്‍ മൂന്ന് റണ്‍സുമായിരുന്നു വേണ്ടിയിരുന്നത്. ആദ്യ പന്ത് തന്നെ നസും ലെഗ് സൈഡിലേക്കെറിഞ്ഞു. ഇത് വൈഡാണെന്നാണ് കോലി പോലും കരുതിയത്. Close Player എന്നാല്‍ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അമ്പയര്‍ റിച്ചാല്‍ഡ് കെറ്റില്‍ബറോ പന്ത് വൈഡ് വിളിച്ചില്ല. ഇത് ആരാധകരെ ഞെട്ടിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ ഇതിനുപിന്നാലെ ഡ്രസ്സിങ് റൂമില്‍ ചിരിക്കുന്നതും കാണാമായിരുന്നു. അമ്പയറുടെ വ്യത്യസ്തമായ മുഖഭാവവും ക്യാമറ കൃത്യമായി ഒപ്പിയെടുത്തു. അമ്പയര്‍ കോലിയുടെ സെഞ്ചുറിയ്ക്ക് കണ്ണടച്ചെന്ന് പലരും സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചു. അമ്പയറുടെ തീരുമാനം ശരിവെച്ചും വിമര്‍ശിച്ചും ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ കൊഴുക്കുകയാണ്. ഓവറിലെ മൂന്നാം പന്തില്‍ സിക്‌സടിച്ചുകൊണ്ട് കോലി സെഞ്ചുറി തികയ്ക്കുകയും ടീമിന് വിജയം സമ്മാനിക്കുകയും ചെയ്തു. ഈ ലോകകപ്പിലെ കോലിയുടെ ആദ്യ സെഞ്ചുറിയാണിത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ കോലിയുടെ സെഞ്ചുറിയുടെ എണ്ണം ഇതോടെ 78 ആയി വര്‍ധിച്ചു. ഏകദിനത്തില്‍ 48 സെഞ്ചുറികളുമായി.

