കൂടത്തായി മോഡൽ; ഒരു മാസത്തിനിടെ ഒരു കുടുംബത്തിലെ അഞ്ചുപേരെ താലിയം നൽകി കൊന്നു; 2 യുവതികൾ അറസ്റ്റിൽ

മുംബൈ ∙ സംസ്ഥാനത്തും കൂടത്തായി മോഡൽ കൊലപാതകം. മുംബൈയിൽ നിന്ന് 900 കിലോമീറ്റർ അകലെ ഗഡ്ചിറോളി ജില്ലയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ ഒരു മാസത്തിനിടെ കൊലപ്പെടുത്തിയ കേസിൽ ബന്ധുക്കളായ 2 യുവതികൾ പിടിയിലായി. പതിയേ മരണത്തിലേക്കു തള്ളിവിടുന്ന മാരക വിഷാംശമുള്ള താലിയം ഭക്ഷണത്തിൽ കലർത്തിയാണ് കൊലപാതകങ്ങളെന്നു പൊലീസ് അറിയിച്ചു. ഗാർഹിക പീഡനവും സ്വത്തുതർക്കവുമാണ് കൊലപാതകത്തിനു കാരണം. പ്രതികളായ സംഘമിത്ര കുംഭാരെ (22), റോസ രാംടെകെ (36) എന്നിവരാണ് അറസ്റ്റിലായത്. സംഘമിത്രയുടെ ഭർത്താവ് റോഷൻ, അയാളുടെ അച്ഛൻ ശങ്കർ, അമ്മ വിജയ, സഹോദരി കോമൾ, വിജയയുടെ സഹോദരി വർഷ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഘമിത്രയുടെ ഭർതൃമാതാവിന്റെ ബന്ധുവാണ് റോസ രാംടെകെ. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് റോഷനെ വിവാഹം കഴിച്ച സംഘമിത്ര ഭർതൃവീട്ടിൽ നിന്നു നേരിട്ട പീഡനം സഹിക്കാനാകാതെയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിനോടു പറഞ്ഞു. തന്റെ ദുരിതം കണ്ട് അച്ഛൻ ജീവനൊടുക്കിയതും അവർക്ക് വലിയ ആഘാതമായി. സ്വന്തം വീട്ടിലേക്ക് മടങ്ങാനും വിവാഹം കഴിച്ചെത്തിയ വീട്ടിൽ തങ്ങാനും കഴിയാതെ വന്നതോടെയാണ് എല്ലാവരെയും വകവരുത്താൻ തീരുമാനിച്ചത്.

