പേരാമ്പ്രയില്‍ ഷാഫി പറമ്പിലിന് പരിക്കേറ്റ സംഭവം; ആരോപണ വിധേയരായ 2 ഡി.വൈ.എസ്.പിമാര്‍ക്ക് സ്ഥലംമാറ്റം

കോഴിക്കോട്: ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ പേരാമ്പ്ര സംഘര്‍ഷത്തില്‍ ആരോപണ വിധേയരായ രണ്ടു ഡിവൈഎസ്പിമാര്‍ക്ക് സ്ഥലംമാറ്റം. പേരാമ്പ്ര ഡിവൈഎസ്പി എന്‍.സുനില്‍കുമാറിനെയും വടകര ഡിവൈഎസ്പി ആര്.ഹരിപ്രസാദിനെയുമാണ് സ്ഥലംമാറ്റിയത്. ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് സബ് ഡിവിഷന് എസിപിയായും സുനില്‍ കുമാറിനെ ക്രൈംബ്രാഞ്ച് (കോഴിക്കോട് സിറ്റി) എസിപിയുമായാണ് മാറ്റിയത്.
കോഴിക്കോട് വിജിലന്‍സ് ഇന്‍സ്പെക്ടര്‍ എം.പി രാജേഷിനെ സ്ഥാനക്കയറ്റം നല്കി പേരാമ്പ്രയിലെ ഡിവൈഎസ്പിയായും കോഴിക്കോട് മെഡിക്കല്‍ കോളജ് ഡിവിഷന് എസിപി എ. ഉമേഷിനെ വടകര ഡിവൈഎസ്പിയായും നിയമിച്ചു. സംസ്ഥാനത്ത് 23 ഡിവൈഎസ്പിമാരെയും രണ്ടു പ്രമോഷന് ഡിവൈഎസ്പിമാരെയും മാറ്റി നിയമിച്ചതിന്റെ ഭാഗമാണ് ഈ സ്ഥലം മാറ്റം.
അതേസമയം പേരാമ്പ്ര സംഘര്‍ഷത്തില്‍ ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം യുഡിഎഫിന്റെ കണ്ണില്‍ പൊടിയിടാനാണെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ പ്രതികരിച്ചു. ഷാഫി പറമ്പില്‍ എംപിയെ മര്‍ദിച്ചതില്‍ അല്ല ഇപ്പോള്‍ നടത്തിയ സ്ഥലം മാറ്റം. ഇത് തിരഞ്ഞെടുപ്പിന് മുമ്പാകെ നടക്കുന്ന പതിവ് നടപടിയാണ്. ഈ നടപടിയില്‍ തൃപ്തിയില്ലെന്നും എംപിയെ ആക്രമിച്ച പോലീസുകാര്‍ക്കെതിരെ നടപടി എടുക്കുംവരെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും കെ. പ്രവീണ്‍ കുമാര്‍ വ്യക്തമാക്കി.