KSDLIVENEWS

Real news for everyone

പ്രമുഖ പണ്ഡിതൻ എ പി മുഹമ്മദ് മുസ്‍ലിയാര്‍ കാന്തപുരം (ചെറിയ ഏ.പി ഉസ്താദ്) വഫാത്തായി

SHARE THIS ON

കോഴിക്കോട് | സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും മര്‍കസ് വൈസ് പ്രസിഡന്റും സീനിയര്‍ മുദരിസ്സുമായ കാന്തപുരം എ പി മുഹമ്മദ് മുസ്‍ലിയാര്‍ (ചെറിയ എ.പി ഉസ്താദ്) വഫാത്തായി.

ഇന്ന് (ഞായര്‍) പുലര്‍ച്ചെ 5.45നായിരുന്നു അന്ത്യം. 72 വയസ്സായിരുന്നു. അസുഖബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജനാസ നിസ്കാരം രാവിലെ 9 മണിക്ക് കാരന്തൂര്‍ മര്‍കസ് മസ്ജിദുല്‍ ഹാമിലിയിലും വൈകുന്നേരം 4 മണിക്ക് കരുവമ്ബൊയില്‍ ജുമാ മസ്ജിദിലും നടക്കും.

പണ്ഡിതന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍, സംഘാടകന്‍ തുടങ്ങിയ രംഗങ്ങളില്‍ സുന്നി സമൂഹത്തിന് ഏറെ പ്രിങ്കരനായിരുന്നു അദ്ദേഹം. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രഥമവും പ്രധാനിയുമായ ശിഷ്യനും അദ്ദേഹത്തിന്റെ അധ്യാപന മേഖലകളിലെ സന്തത സഹചാരിയുമായിരുന്നു. കോഴിക്കോട് ജില്ലയിലെ കരുവ൯പൊയില്‍ ആണ് സ്വദേശം.

ചേക്കു ഹാജി – ആയിഷ ഹജ്ജുമ്മയുടെയും മൂത്തമകനായി ആലോല്‍ പൊയില്‍ വീട്ടില്‍ 1950 ലാണ് മുഹമ്മദ് മുസ്‍ലിയാര്‍ ജനിക്കുന്നത്. അഞ്ചാംവയസ്സില്‍ കരുവംപൊയില്‍ സ്വിറാത്തുല്‍ മുസ്തഖീം മദ്രസയില്‍ നിന്ന് പഠനം തുടങ്ങി. തലപ്പെരുമണ്ണ, കരുവമ്ബൊയില്‍, മങ്ങാട്ട്, കോളിക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് പ്രാഥമിക മത വിദ്യാഭ്യാസം നേടി. ശേഷം 1974 ന്റെ അവസാന ത്തില്‍ വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ നിന്നും ബിരുദം നേടി.

മർകസ് വൈസ് പ്രിൻസിപ്പാളും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ആദ്യ ശിഷ്യനും ആണ്. മുസ്‌ലിം കർമ്മ ശാസ്ത്ര പഠന രംഗത്തെ വിദഗ്ദനായ എ പി മുഹമ്മദ് മുസ്‌ലിയാരുടെ പഠനങ്ങളും ഫത്‌വകളും പ്രഭാഷണങ്ങളും മുസ്‌ലിം സാമൂഹിക ജീവിതത്തിൽ വലിയ സ്വാധീനങ്ങൾ ചെലുത്തിയിരുന്നു. ചെറിയ എ പി ഉസ്താദ് എന്നാണ് അറിയപ്പെട്ടിരുന്നത്.

1975 ൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ തന്നെ കീഴിൽ കാന്തപുരം അസീസിയ്യ അറബിക് കോളേജ് വൈസ് പ്രിൻസിപ്പാളായിട്ടായിരുന്നു അധ്യാപന തുടക്കം. കഴിഞ്ഞ ഇരുപത് വർഷമായി മർകസിൽ പ്രധാന അധ്യാപകനും വൈസ് പ്രിൻസിപ്പാളുമായി സേവനമനുഷ്‌ഠിച്ചു വരികയായിരുന്നു. കോഴിക്കോട് ജില്ലയിലെ നിരവധി മഹല്ലുകളുടെ ഖാളിയും ആണ്. കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് ശിഷ്യന്മാരുണ്ട്.

രാവിലെ ഒൻപത് മണിക്ക് കാരന്തൂർ ജാമിഅ മർകസ് മസ്ജിദിൽ വെച്ചു നടക്കുന്ന മയ്യിത്ത് നിസ്കാരത്തിനു ശേഷം കൊടുവള്ളി കരുവൻപൊയിലിലെ വീട്ടിലേക്ക് കൊണ്ടുപോകും. വൈകുന്നേരം നാലു മണിക്ക് കരുവൻപൊയിൽ ചുള്ള്യാട് ജുമാ മസ്ജിദിൽ ഖബർ സ്ഥാനിൽ ഖബറടക്കും. ഇസ്‌ലാമിക വൈജ്ഞാനിക രംഗത്ത് വലിയ സേവനങ്ങൾ ചെയ്ത പണ്ഡിതനെയാണ് മുഹമ്മദ് മുസ്‌ലിയാരുടെ നിര്യാണത്തോടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാര്‍ക്ക് കീഴില്‍ കാന്തപുരം ജുമാമസ്ജിദില്‍ രണ്ടാം മുദരിസായി തുടക്കം. മൂന്നരപ്പതിറ്റാണ്ടു കാലം കാന്തപുരത്ത് മുദരിസായി സേവനം ചെയ്തു. പേരിന്റെ കൂടെ കാന്തപുരം എന്ന് ചേര്‍ത്തു പറയാനുള്ള കാരണവും കാന്തപുരത്തെ സുദീര്‍ഘമായ

സേവനമാണ്. അസീസിയ്യ ദ൪സ് കോളേജാക്കി ഉയ൪ത്തിയപ്പോള്‍ വൈസ്‌ പ്രി൯സിപ്പലായ ശേഷം 2007ല്‍ കാരന്തൂര്‍ മ൪കസിലേക്ക് മാറി. കാന്തപുരം ഉസ്താദിന്റെ അഭാവത്തില്‍ നൂറു കണക്കിന് പണ്ഡിതര്‍ക്ക് വിശ്രുത സ്വഹീഹുല്‍ ബുഖാരി ഗ്രന്ഥം ഓതി കൊടുക്കുന്നത് അദ്ദേഹം ആയിരുന്നു.

കോഴിക്കോട്‌ താലൂക്ക്‌ എസ് എസ് എഫ് കമ്മിറ്റി, കൊടുവള്ളി സിറാജുല്‍ ഹുദായില്‍ വച്ച്‌ രൂപീകരിച്ചപ്പോള്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. എസ് വൈ എസ് കോഴിക്കോട്‌ ജില്ലാ പ്രസിഡണ്ട്, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ സമസ്ത കേന്ദ്ര മുശാവറയുടെ സിക്രട്ടറിയാണ്. ഫത്‍വ കമ്മിറ്റി കണ്‍വീനര്‍, സുന്നീ വിദ്യാഭ്യാസ ബോര്‍ഡ് ‌ പാഠപുസ്തക സ്ക്രീനിംഗ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

ആശയ സംവാദങ്ങളില്‍ മുഖ്യപങ്കാളിയാണ് എ പി മുഹമ്മദ്‌ മുസ്ലിയാ൪. പൂനൂ൪, പുളിക്കല്‍, പട്ടാമ്ബി, പെരുമ്ബാവൂ൪, കൊട്ടപ്പുറം

എന്നിവിടങ്ങളില്‍ നടന്ന സംവാദങ്ങള്‍ എടുത്തു പറയേണ്ടതാണ്. ഏറണാകുളം, പൊന്നാനി, വടക്കാഞ്ചേരി, കോഴിക്കോട്‌ എന്നീ കോടതികളില്‍ ഖാദിയാനികളുടെ ഖബ൪സ്ഥാ൯, ഖുതുബ പരിഭാഷ (മുക്കുതല), ജാറം സ്ഥിരപ്പെടുത്തല്‍ (വടകാഞ്ചേരി), വഖഫ്‌ സ്വത്ത്‌ നിലനിര്ത്തപല്‍ (വെള്ളിയഞ്ചേരി) എന്നീ കാര്യങ്ങള്ക്ക് വേണ്ടി ഹാജരായി. കുറ്റമറ്റ വിഷയാവതാരകനാണ്. കൊട്ടപ്പുറത്തതടക്കം നിരവധി സംവാദങ്ങളില്‍ പ്രസ്ഥാനത്തിന് വലിയ മുന്നേറ്റം സാധ്യമാക്കിയതില്‍ ആ പ്രസംഗവൈഭവത്തിന് പങ്കുണ്ട്. ആനുകാലികങ്ങളില്‍ ലേഖനങ്ങളും ഫത്‌വകളും അടക്കം എഴുത്തു രംഗത്തും സജീവമായിരുന്നു.

ഭാര്യ : സൈനബ ഹജ്ജുമ്മ. മക്കള്‍: അബ്ദുല്ല റഫീഖ്, അൻവർ സ്വാദിഖ് സഖാഫി (ഡയറക്റാർ, അൽ ഖമർ), അൻസാർ, മുനീർ, ആരിഫ, തശ്‌രീഫ. മരുമക്കൾ: ഇ.കെ. ഖാസിം അഹ്‌സനി, അബ്ദുൽ ജബ്ബാർ, അസ്മ കട്ടിപ്പാറ, നദീറ കുറ്റിക്കടവ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!