കെ.എം ഷാജിയുടെ പ്രസംഗം അതീവ ഗൗരവതരം
മനാമ: ഇസ്ലാമിലെ ഒന്നാം ഖലീഫ അബൂബക്കർ സിദ്ധീഖ് (റ) വിനെ പരസ്യമായി അവഹേളിച്ച ദീനില്‍ ഒരിക്കലും അനുവദിക്കപ്പെടാത്ത തെറ്റിനെ പണ്ഡിതോചിതമായി തിരുത്തിയ വിഷയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം അബ്ദു സ്സലാം ബാഖവി ഉസ്താദിനെതിരെ നിലവാരമില്ലാത്ത ഭാഷയില്‍ ആക്ഷേപിച്ച് പ്രസംഗിച്ച കെ.എം ഷാജിയുടെ നടപടി അതീവ ഗൗരവതരമാണന്നു സമസ്ത ബഹ്റൈൻ പ്രസ്താവിച്ചു.
ഇത്തരം നീക്കങ്ങള്‍ സമസ്തയും, മുസ്ലിം ലീഗുമായുള്ള ശക്തമായ ബന്ധത്തിന് വിള്ളല്‍ ഉണ്ടാക്കാനുള്ള ഗൂഢശ്രമമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആദർശം പറയുക എന്നത് സമസ്തയുടെ സ്ഥാപിത ലക്ഷ്യങ്ങളില്‍ ഒന്നാണ്. ആദർശത്തില്‍ വെള്ളം ചേർത്ത്കൊണ്ടുള്ള പ്രവർത്തനവും പ്രസംഗങ്ങളുമായി ആര് രംഗത്ത് വന്നാലും അവരെ ആദർശപരമായി നേരിടല്‍ പണ്ഡിതധർമമാണെന്നും അത്തരം പണ്ഡിതന്മാരെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ലെന്നും സമസ്ത ബഹ്റൈൻ പ്രസ്താവിച്ചു.