മഹാരാഷ്ട്രയില്‍ ഇന്ന് വോട്ടെടുപ്പ്, ഝാര്‍ഖണ്ഡില്‍ രണ്ടാം ഘട്ടം
ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞടുപ്പ് ഇന്ന്. മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുമ്പ് നടന്ന നാടകീയ സംഭവങ്ങള്‍ കൊണ്ട് പ്രക്ഷുബ്ധമായിരുന്നു സംസ്ഥാന രാഷ്ട്രീയം.
സംസ്ഥാനം ഭരിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യവും പ്രതിപക്ഷമായ മഹാവികാസ് അഘാഡിയുമായുള്ള പോരാട്ടത്തില്‍ വിജയമാര്‍ക്കെന്നത് രാജ്യം ഉറ്റുനോക്കുന്ന ഒന്നാണ്. വിജയിക്കേണ്ടത് ഇരുമുന്നണികളുടെയും ആവശ്യമാണ്. ശിവസേനയെയും എന്‍സിപിയെയും പിളര്‍ത്തിയാണ് സംസ്ഥാനത്ത് എന്‍ഡിഎ ഭരണം സുരക്ഷിതമാക്കിയത്. പിളര്‍ന്നവരില്‍ ആര്‍ക്കാണ് ജനപിന്തുണ എന്നുള്ളതിന്റെ പരിശോധനയാണ് നടക്കുന്നത് എന്നുള്ളതനാല്‍ പരമാവധി സീറ്റുകളില്‍ വിജയിക്കുക എന്നതില്‍ കവിഞ്ഞ് യാതൊരു പ്രതീക്ഷയും പാര്‍ട്ടികള്‍ വെച്ചുപുലര്‍ത്തിയിട്ടില്ല.
മഹായുതി സഖ്യം തുടര്‍ഭരണമാണ് ലക്ഷ്യമിടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയെ മറികടക്കുക എന്നതാണ് മഹായുതിയുടെ ലക്ഷ്യം. മറുവശത്താകട്ടെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് മഹാവികാസ് അഘാഡി. വോട്ടെടുപ്പിന് തലേദിവസം ബിജെപി നേതാവ് താമസിച്ച ഹോട്ടലില്‍ നിന്ന് പണം പിടികൂടിയ സംഭവം മഹായുതിക്ക് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. ഇതിന് മറുപ്രചരണമായി എന്‍സിപി നേതാവ് സുപ്രിയ സുലെയുടെ ക്രിപ്‌റ്റോകറന്‍സി വിവാദം ബിജെപി കുത്തിപ്പൊക്കിയിരുന്നു.
മഹാരാഷ്ട്രയ്ക്ക് പുറമെ ഝാര്‍ഖണ്ഡ് നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട തിരഞ്ഞെടുപ്പും ഇന്നാണ്. എന്‍ഡിഎയ്ക്കും ഇന്ത്യാ മുന്നണിയ്ക്കും സുപ്രധാനമായ സംസ്ഥാനങ്ങളാണ് ഇവരണ്ടും. രണ്ടിടത്തും വിജയം വരിക്കേണ്ടത് ദേശീയരാഷ്ട്രീയത്തില്‍ നിര്‍ണായകമായതിനാല്‍ വാശിയോടെയുള്ള പ്രചാരണമാണ് മുന്നണികള്‍ കാഴ്ചവെച്ചത്. ഝാര്‍ഖണ്ഡില്‍ ബിജെപി വിജയപ്രതീക്ഷവെച്ചുപുലര്‍ത്തുന്നുണ്ട്. മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, ഭാര്യ കല്പന സോറന്‍, പ്രതിപക്ഷ നേതാവ് അമര്‍ കുമാര്‍ ബൗരി എന്നിവര്‍ മത്സരിക്കുന്ന സീറ്റുകളുള്‍പ്പെടുന്നതിനാല്‍ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്.