KSDLIVENEWS

Real news for everyone

നേരത്തെ കാണാന്‍ ആഗ്രഹിച്ചിരുന്നു, ഇപ്പോഴാണ് സാഹചര്യമുണ്ടായത്; ജിഫ്രി തങ്ങളെ കണ്ട് സന്ദീപ് വാര്യര്‍

SHARE THIS ON

മലപ്പുറം: കോണ്‍ഗ്രസ് പ്രവേശനത്തിന് പിന്നാലെ പാണക്കാട് കുടുംബം സന്ദര്‍ശിച്ച സന്ദീപ് വാര്യര്‍ പാലക്കാട് വോട്ടെടുപ്പ് ദിവസം ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദര്‍ശിച്ചു. വോട്ടെടുപ്പ് ദിവസം രാവിലെ തന്നെയുള്ള സന്ദീപിന്റെ സന്ദര്‍ശനം രാഷ്ട്രീയ പ്രാധ്യമേറുന്നതാണ്. സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തില്‍ എല്‍.ഡി.എഫിന്റെ പരസ്യം വന്നത് കഴിഞ്ഞ ദിവസമാണ്. ഈ പശ്ചാത്തലത്തിലാണ് സന്ദീപിന്റെ സന്ദര്‍ശനമെന്നതാണ് ശ്രദ്ധേയം.

ആത്മീയരംഗത്ത് സൂര്യതേജസ്സായി നിലകൊള്ളുന്ന പ്രസ്ഥാനമാണ് സമസ്തയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സന്ദീപ് വാര്യര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുന്ന പണ്ഡിത ശ്രേഷ്ഠനാണ് മുത്തുക്കോയ തങ്ങള്‍. അദ്ദേഹത്തിനോട് അങ്ങേയറ്റം ബഹുമാനമാണുള്ളത്. അദ്ദേഹത്തെ കാണണമെന്നത് നേരത്തെ ആഗ്രഹിച്ചിരുന്നതാണ്. ഇപ്പോളാണ് അതിന് സാഹചര്യമൊരുങ്ങിയത്. അദ്ദേഹത്തെ കാണാനും സ്നേേഹം അനുഭവിക്കാനും സാധിച്ചതില്‍ വലിയ സന്തോഷമുണ്ട്. സമസ്തയുടെ സംഭാവനകള്‍ സ്വര്‍ണലിപികളില്‍ രേഖപ്പെടുത്തിയവയാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

“എല്ലാ സാമുദായിക വിഭാഗങ്ങളുടെയും പിന്തുണ എന്റെ രാഷ്ട്രീയ നിലപാടിന് ലഭിച്ചിട്ടുണ്ട് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. കേരളത്തിന്റെ പൊതുമനസാക്ഷിയുടെ പ്രതികരണം ഇതാണെന്നാണ് കരുതുന്നത്. ഇതിനെ രാഷ്ട്രീയ വിവാദമാക്കേണ്ട കാര്യമില്ല. അങ്ങനെ ആക്കുന്നവര്‍ക്ക് മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടാകും. കേരളത്തില്‍ മതനിരപേക്ഷതയും സാമൂഹ്യ ഐക്യവും വളര്‍ത്താനുള്ള നടപടികളുമായി മുന്നോട്ടുപോകും.”- സന്ദീപ് പറഞ്ഞു.

“മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ ആവശ്യമായ ഏതെല്ലാം മാര്‍ഗങ്ങളുണ്ടോ അതെല്ലാം സ്വീകരിക്കുക എന്നതാണ് സമസ്തയുടെ സമീപനം. അതിന്റെ ഭാഗമായാണ് തന്നെ കാണാന്‍ വന്നതിനെയും കാണുന്നതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ഇന്ത്യാ രാജ്യത്ത് ഇഷ്ടപ്പെടുന്ന രാഷ്ട്രീയ കക്ഷികളില്‍ ആര്‍ക്കും പ്രവര്‍ത്തിക്കാം. മുമ്പ് രാജ്യത്തിന് ഗുണം ബി.ജെ.പിയെന്ന് സന്ദീപ് കരുതിയിരിക്കാം. അതുകൊണ്ട് അതില്‍ പ്രവര്‍ത്തിച്ചു. പാര്‍ട്ടി മാറുന്നതൊക്കെ ഓരോരുത്തരുടെയും സ്വന്തം ചിന്താഗതിയാണ്. കോണ്‍ഗ്രസ് അംഗമായിട്ട് സ്വീകരിച്ചു. ബി.ജെ.പിയിലായിരുന്നപ്പോഴും കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നാണ് സന്ദീപ് പറഞ്ഞത്. ബി.ജെ.പിയുടെ പലനേതാക്കളും ഇവിടെ വന്നിട്ടുണ്ട്. രാജ്യത്ത്‌ നന്മ ചെയ്യുന്ന എല്ലാവരെയും പിന്തുണയ്ക്കുക എന്നതാണ് എന്റെ നയം.” ജിഫ്രി തങ്ങൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!