മലയാളി തീർഥാടകർ സഞ്ചരിച്ച കാർ ഉഡുപ്പിയിൽ അപകടത്തിൽപ്പെട്ടു; 7 പേർക്ക് പരിക്ക്, ഞെട്ടിക്കുന്ന ദൃശ്യം
മംഗളൂരു: കർണാടക കുന്ദാപുരയിൽ മലയാളികൾ സഞ്ചരിച്ചിരുന്ന കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്ക്. മൂകാംബികയിലെയും പരിസരപ്രദേശങ്ങളിലെയും ക്ഷേത്ര ദർശനത്തിനായി പുറപ്പെട്ട പയ്യന്നൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നിനായിരുന്നു അപകടം.
പയ്യന്നൂർ തായ്നേരി കൈലാസിൽ നാരായണൻ,ഭാര്യ വത്സല, അയൽവാസി കൗസ്തുപത്തിൽ മധു, ഭാര്യ അനിത,അന്നൂർ സ്വദേശി റിട്ട അദ്ധ്യാപകൻ ഭാർഗവൻ,ഭാര്യ ചിത്രലേഘ, കാർ ഡ്രൈവർ ഫസിൽ എന്നിവരാണ് അപകടത്തിൽപെട്ടത്. നാരായണൻ, ചിത്രലേഘ, വത്സല, അനിത എന്നിരെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ മൂന്ന് സ്ത്രീകളും ഐ സി യു വിലാണ്.
നാരായണൻ അപകട നില തരണം ചെയ്തു. മധുവിനെയും ഭാർഗവനെയും ഫസിലിനെയും കുന്താപുരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കുമ്പാഷി ഗ്രാമത്തിന് സമീപം ദേശീയപാത 66-ൽ ചണ്ഡിക ദുർഗപരമേശ്വരി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.
ദേശീയ പാതയിൽ നിന്ന് കാർ ക്ഷേത്രത്തിലേക്ക് തിരിയാനായി പിറകോട്ട് എടുക്കുന്നതിനിടെ പിറകിൽ നിന്ന് വരികയായിരുന്ന മീൻ ലോറി ഇടിക്കുകയായിരുന്നു. മംഗളൂരു രജിസ്ട്രേഷനുള്ള ലോറിയാണ് വാഹനത്തിൽ ഇടിച്ചത്. ചൊവ്വാഴ്ചയാണ് സംഘം പയ്യന്നൂരിൽ നിന്ന് തീർത്ഥാടനത്തിന് പുറപ്പെട്ടത്.