തെങ്ങിൻ തൈക്ക് വെള്ളമൊഴിച്ച് പ്രമുഖർ, അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് വ്യത്യസ്ത തുടക്കം
പനാജി: 55-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഗോവയിൽ വർണ്ണാഭമായ തുടക്കം. നവംബർ 20 മുതൽ 28 വരെ നടക്കുന്ന മേളയുടെ ഉദ്ഘാടന ചടങ്ങുകൾ വെെകീട്ട് തലേഗാവിലെ ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ നടന്നു.
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഐ ആൻഡ് ബി സെക്രട്ടറി സഞ്ജയ് ജാജു, ഫെസ്റ്റിവൽ ഡയറക്ടർ ശേഖർ കപൂർ, ആത്മീയ ഗുരുവും യോഗചര്യനുമായ ശ്രീ ശ്രീ രവിശങ്കർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഗ്രീൻ ഗോവ ഗ്രീൻ ഇന്ത്യ എന്ന മുദ്രാവാക്യവുമായി ഗോവ മുഖ്യമന്ത്രിയുൾപ്പടെയുള്ളവർ തെങ്ങിൻ തൈക്ക് വെള്ളമൊഴിച്ചുകൊണ്ടാണ് ഇത്തവണത്തെ ചലച്ചിത്രമേള കൊടിയേറിയത്. പ്രസാർ ഭാരതിയുടെ ഒ ടി ടി പ്ലാറ്റ്ഫോം വെവ്സിന്റെ ലോഞ്ചും ചടങ്ങിനിടെ നടന്നു.
മേളയുടെ ചരിത്രത്തിലാദ്യമായി ഉദ്ഘാടന ചടങ്ങിൽ തത്സമയ ഇന്ത്യൻ ആംഗ്യ ഭാഷാ വ്യാഖ്യാനം അവതരിപ്പിച്ചു. ശ്രവണ വൈകല്യമുള്ളവരടക്കം എല്ലാവര്‍ക്കും മേളയില്‍ പൂർണ്ണമായി പങ്കെടുക്കാനും ആസ്വദിക്കാനും കഴിയുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്. കാഴ്ചയില്ലാത്തവർക്കായി ശബ്ദലേഖനവും മേളയുടെ പരിപാടികളിൽ ഉൾപ്പെടുത്തും.
ചടങ്ങിൽ സത്യജിത്ത് റേ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ഓസ്ട്രേലിയൻ സംവിധായകനായ ഫിലിപ് നോയ്സിന് സമ്മാനിച്ചു.
പാർശ്വവത്കരിക്കപ്പെട്ട ലോകത്ത് അല്ലെങ്കിൽ രാജ്യങ്ങളിൽ സിനിമകളുണ്ടാകുന്നത് വലിയ പരിഹാരമാണെന്ന് ഉദ്ഘാടനച്ചടങ്ങിൽ ഫെസ്റ്റിവൽ ഡയറക്ടർ ശേഖർ കപൂർ പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ കണ്ടന്റ് ഉത്പാദിപ്പിക്കപ്പെടുന്നത് നമ്മുടെ രാജ്യത്താണെന്നും ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ളതും ഇവിടെയാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ സിനിമ ആഘോഷിക്കപ്പെടുന്നതുപോലെ പ്രേക്ഷകരും ആഘോഷിക്കപ്പെടണമെന്ന് ശേഖർ കപൂർ കൂട്ടിച്ചേർത്തു.
ആത്മീയ ഗുരുവും യോഗാചാര്യനുമായ ശ്രീ ശ്രീ രവിശങ്കർ പ്രത്യേക അഭിസംബോധന നടത്തി. നമ്മുടെ രാജ്യത്തിന്റെ സംസ്കാരം തന്നെ കലയും വിനോദവും ഇഴചേർന്ന് കിടക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതീക്ഷയും പ്രചോദനവും നൽകേണ്ട സിനിമകളാണ് ഉണ്ടാകേണ്ടത് മറിച്ച് ആളുകളെ ആയുധമെടുക്കാൻ പ്രേരിപ്പിക്കുന്ന സിനിമകളല്ലെന്നും ശ്രീ ശ്രീ രവിശങ്കർ പറഞ്ഞു.
സുഭാഷ് ഘായ്, ദിനേശ് വിജൻ, അമർ കൗശിക്, എൻ.എം സുരേഷ്, ആർ.കെ.സെൽവമണി, ഇഷാരി ഗണേശൻ, രവി കൊട്ടാരക്കര, ഗാനരചയിതാവ് പ്രസൂൺ ജോഷി തുടങ്ങിയ പ്രമുഖ ചലച്ചിത്ര പ്രവർത്തകരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. അഭിനേതാക്കളായ നാഗാർജുന, ഖുശ്ബു, ആംല, വിക്രാന്ത് മാസി, രാകുൽ പ്രീത്, മാനുഷി ഛില്ലർ, ബൊമൻ ഇറാനി, രാജ്കുമാർ റാവു, അഭിഷേക് ബാനർജി, രൺദീപ് ഹൂഡ, ജയം രവി, പാർത്ഥിബൻ, ശരത്കുമാർ, നിത്യ മേനോൻ എന്നിവരും ചടങ്ങിൽ സാന്നിധ്യമറിയിച്ചു.
ഇംഗ്ലീഷ് ചിത്രമായ ‘ബെറ്റർ മാൻ’ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു. മൈക്കൽ ഗ്രേസി സംവിധാനം ചെയ്ത ഈ ചിത്രം ബ്രിട്ടീഷ് പോപ്പ് സൂപ്പർസ്റ്റാറായ റോബി വില്യംസിൻ്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. കുട്ടിക്കാലം മുതൽ, ചാർട്ട്-ടോപ്പിംഗ് ബോയ്‌ബാൻഡായ ടേക്ക് ദാറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാകാനുള്ള റോബിയുടെ യാത്രയുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു റെക്കോർഡ് ബ്രേക്കിംഗ് സോളോ ആർട്ടിസ്റ്റ് എന്ന നിലയിൽ വില്യംസിന്റെ സമാനതകളില്ലാത്ത നേട്ടങ്ങളും കൂടാതെ പ്രശസ്തിയും വിജയത്തിലേക്കുള്ള വഴിയിലെ വെല്ലുവിളികളുമെല്ലാം വരച്ചുകാട്ടുന്നതാണ് ഈ ചിത്രം.
ഉദ്ഘാടന ചടങ്ങുകൾക്കിടെ നടന്ന ‘ടൈംലെസ് സോൾസ്’ എന്ന പരിപാടിയിൽ രാജ് കപൂർ, അക്കിനേനി നാഗേശ്വർ റാവു, മുഹമ്മദ് റാഫി തുടങ്ങിയ സിനിമാ ഇതിഹാസങ്ങളെ ദൃശ്യപരിപാടികളിലൂടെയും സംഗീതത്തിലൂടെയും ആദരിച്ചു. കൂടാതെ ഇവരുടെ ചിത്രമടങ്ങിയ സ്റ്റാമ്പ് ചടങ്ങിനിടെ പുറത്തിറക്കി.