KSDLIVENEWS

Real news for everyone

ദുബായിൽ ടൂറിസ്റ്റ്, സന്ദർശക വീസ ലഭിക്കാൻ ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും നിർബന്ധമാക്കി, അറിയാം പുതിയ നിർദേശങ്ങൾ

SHARE THIS ON

ദുബായ്: ദുബായിൽ ടൂറിസ്റ്റ്, സന്ദർശക വീസ ലഭിക്കാൻ ഹോട്ടൽ ബുക്കിങ് രേഖകളും റിട്ടേൺ ടിക്കറ്റും നിർബന്ധമാക്കി. ഇതുസംബന്ധമായി ട്രാവൽ ഏജൻസികൾക്ക് ദുബായ് ഇമിഗ്രേഷൻ അറിയിപ്പ് നൽകി. വീസയ്ക്ക് അപേക്ഷിക്കുമ്പോൾ ക്യു ആർ കോഡുള്ള ഹോട്ടൽ ബുക്കിങ് രേഖയും മടക്ക യാത്രയ്ക്കുള്ള ടിക്കറ്റിന്‍റെ പകർപ്പും സമർപ്പിക്കണമെന്നതാണ് പുതിയ നിബന്ധന. ഇല്ലെങ്കിൽ വീസാ നടപടികൾ പൂർത്തിയാക്കാൻ വൈകിയേക്കുമെന്നും അറിയിച്ചിട്ടുണ്ട്. 

ഇത്തരത്തിൽ രേഖകൾ സമർപ്പിക്കാത്ത ഒട്ടേറെ മലയാളികളുടെ വീസ അപേക്ഷ പാതിവഴിയിലാണ്. നേരത്തെ യാത്ര ചെയ്യുമ്പോൾ വിമാനത്താവളത്തിലെ എമിഗ്രേഷനിൽ ആവശ്യപ്പെട്ടാൽ മാത്രം ഈ രണ്ടു രേഖകളും കാണിച്ചാൽ മതിയായിരുന്നു. കൂടാതെ,  2 മാസത്തെ വീസയ്ക്ക് 5000 ദിർഹവും ഒരു മാസത്തെ വീസയ്ക്ക് 3,000 ദിർഹവും  ക്രെഡിറ്റ് /ഡെബിറ്റ് കാർഡിൽ  ഉണ്ടായിരിക്കണമെന്നതും നിർബന്ധമാണ്.
ഇന്ന് രാവിലെ മുതൽ ഓൺലൈനിൽ ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കുമ്പോൾ എമിഗ്രേഷൻ വെബ് സൈറ്റിൽ ഹോട്ടൽ ബുക്കിങ്, റിട്ടേണ്‍ ടിക്കറ്റ് രേഖകൾ അപ് ലോഡ് ചെയ്യാൻ ആവശ്യപ്പെടുന്നതായി ദുബായിലെ ട്രാവൽ ഉടമകൾ പറയുന്നു.

ടൂറിസ്റ്റ് വീസകൾക്ക് ട്രാവൽ ഏജൻസികൾക്കാണ് അപേക്ഷിക്കാനാവുക.ട്രേഡ‍ിങ് കമ്പനികളും വ്യക്തികളും കുടുംബങ്ങളും അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് സന്ദർശക വീസ. എന്നാൽ രണ്ട് വീസകളുടെയും നിയമങ്ങളും നിബന്ധനകളും ഒന്നു തന്നെ. 

പാക്കിസ്ഥാൻ, ചില ആഫ്രിക്കൻ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ പൗരന്മാർക്ക് സന്ദർശക, ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കുമ്പോൾ ഇത്തരം നിബന്ധനകൾ നേരത്തെ തന്നെ പ്രാബല്യത്തിലുണ്ട്. 

അതേസമയം, യുഎഇയിൽ പ്രവാസിയായ ഒരാൾ സ്വന്തം കുടുംബത്തിന് വേണ്ടി സന്ദർശക വീസയ്ക്ക് അപേക്ഷിക്കുമ്പോൾ ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും സമർപ്പിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!