സംയുക്ത കർഷക സമിതിയുടെ അനിശ്ചിതകാല സത്യഗ്രഹം 9-ാം ദിവസത്തിലേക്ക്

തിരുവനന്തപുരം
സംയുക്ത കർഷകസമിതി നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം എട്ടാം ദിവസവും പിന്നിട്ടു. ശനിയാഴ്ച സി ദിവാകരൻ എംഎൽഎ സത്യഗ്രഹം ഉദ്‌ഘാടനംചെയ്‌തു. കേരള കർഷകസംഘം ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും ട്രാവൻകൂർ ടൈറ്റാനിയം ചെയർമാനുമായ അഡ്വ. എ എ റഷീദ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എം വിജയകുമാർ, സംസ്ഥാന സെക്രട്ടറി കെ എൻ ബാലഗോപാൽ, അഡ്വ. വേണുഗോപാലൻനായർ, ഇ ജി മോഹനൻ, സംയുക്ത സമരസമിതി നേതാക്കളായ മുൻ എംഎൽഎ മാങ്കോട് രാധാകൃഷ്‌ണൻ, കൺവീനർ കെ സി വിക്രമൻ, എം എം ബഷീർ, ഉഴമലയ്‌ക്കൽ വേണുഗോപാൽ, പാളയം രാജൻ, തമ്പാനൂർ രാജീവ്, കോളിയൂർ സുരേഷ്, പള്ളിച്ചൽ വിജയകുമാർ, പാലോട് സന്തോഷ്, കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് പി രാമചന്ദ്രൻനായർ, സഹകരണവേദി ജില്ലാ സെക്രട്ടറി എ എം റൈസ്, ബിനുകുമാർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ സംഘടനകൾ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിച്ചു.
ഒമ്പതാം ദിവസമായ ഞായറാഴ്ചത്തെ സത്യഗ്രഹപരിപാടി കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്യും.
കർഷക രക്തസാക്ഷികളെ അനുസ്‌മരിക്കും
ഡൽഹിയിലെ അതിശൈത്യത്തിലും പ്രതികൂല കാലാവസ്ഥയിലും നടക്കുന്ന സമരത്തിനിടെ രാജ്യത്തിനുവേണ്ടി മരണം വരിച്ച കർഷകരോടുള്ള ആദരസൂചകമായി സംസ്ഥാനമൊട്ടാകെ കർഷക രക്തസാക്ഷി ദിനം ആചരിക്കും. പാളയം രക്തസാക്ഷി മണ്ഡപത്തിനുമുന്നിൽ കർഷക രക്തസാക്ഷികൾക്ക് പുഷ്‌പാഞ്ജലി അർപ്പിച്ചാകും അനുസ്‌മരണം.