KSDLIVENEWS

Real news for everyone

പരിമിതികൾക്ക് വിട ; കാസർഗോഡ് ഇലക്ഷൻ വെയർഹൗസ് പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി

SHARE THIS ON

കാസര്‍ഗോഡ്‌: പരിമിതികള്‍ക്കുള്ളിലും ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ പരാതികളില്ലാതെയും കാര്യക്ഷമമായും പൂര്‍ത്തീകരിച്ച ഇലക്ഷന്‍ വിഭാഗത്തിന് പുതിയ വെയര്‍ഹൗസ് കെട്ടിടം ഒരുങ്ങി. കാസര്‍കോട് സിവില്‍ സ്റ്റേഷന്‍ പരിധിയിയില്‍ കളക്ടറേറ്റിന്റെ പിറക് വശത്ത് നിര്‍മിച്ച ഇരുനില ഇലക്‌ട്രോണിക് വോട്ടിങ് മെഷിന്‍ വെയര്‍ ഹൗസ് ഡിസംബര്‍ 21 ന് രാവിലെ 11 ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ ഉദ്ഘാടനം ചെയ്യും.

വീഡിയോ കോണ്‍ഫറന്‍സ് വഴി സംഘടിപ്പിക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) എ കെ രമേന്ദ്രന്‍, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ സംബന്ധിക്കും.പരിമിതികള്‍ക്കിടയില്‍ വീര്‍പ്പുമുട്ടിയാണ് ഇത്രയും കാലം ഇലക്ഷന്‍ സാമഗ്രികള്‍ സൂക്ഷിച്ചിരുന്നത്. എന്നിരുന്നാലും കുറ്റമറ്റരീതിയില്‍ കൃത്യമായ ആസൂത്രണത്തോടെയായിരുന്നു തെരഞ്ഞെടുപ്പ് പ്രക്രിയ നിര്‍വഹിച്ചത്. പുതിയ വെയര്‍ഹൗസ് വരുന്നതോടെ വിശാലമായ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. ഇവിഎം, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് എന്നിവ സൂക്ഷിക്കാന്‍ പ്രത്യേക സൗകര്യമുണ്ടാവും.

നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ സാമഗ്രികള്‍ സൂക്ഷിക്കാന്‍ സാധിക്കും. ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്റെ ആദ്യഘട്ട പരിശോധന നടത്താന്‍ മുകള്‍നിലയിലെ ഹാളില്‍ സംവിധാനമുണ്ടാവുമെന്ന് തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എ കെ രമേന്ദ്രന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലേക്കാവശ്യമായ വോട്ടിങ് യന്ത്രങ്ങള്‍ സ്വീകരിക്കാന്‍ മഹാരാഷ്ട്രയിലേക്ക് ഉദ്യോഗസ്ഥര്‍ പോകുന്നുണ്ടെന്നും പോലീസ് അകമ്ബടിയോടെ ഇവ കണ്ടെയ്നറില്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ എത്തിക്കുന്ന 2200 വിവിപാറ്റ്, 2000 കണ്‍ട്രോള്‍ യൂണിറ്റ്, 2000 ബാലറ്റ് യൂണിറ്റ് എന്നിവ പുതിയ വെയര്‍ഹൗസില്‍ സൂക്ഷിക്കും. ഏകദേശം രണ്ട് കോടിയുടെ എസ്റ്റിമേറ്റില്‍ ഒമ്ബത് മാസം കൊണ്ട് പിഡബ്ല്യൂഡിയുടെ നേതൃത്വത്തിലാണ് നിര്‍മാണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!