കൊവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്‍ടമായ പ്രവാസി മലയാളിക്ക് ഏഴ് കോടിയുടെ ഭാഗ്യം.

ദുബൈ : കൊവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടമായ പ്രവാസിക്ക് അപ്രതീക്ഷിതമായി ഏഴ് കോടിയുടെ ഭാഗ്യസമ്മാനം . മലയാളിയായ നവനീത് സജീവൻ ( 30 ) ആണ് പ്രതിസന്ധി നിറഞ്ഞ ജീവിതത്തിൽ നിന്ന് ഒറ്റ് നിമിഷം കൊണ്ട് കോടീശ്വരനായി മാറിയത് . ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനർ ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിലാണ് 10 ലക്ഷം ഡോളർ ( ഏഴ് കോടിയിലധികം ഇന്ത്യൻ രൂപ ) നവനീതിനെ തേടിയെത്തിയത് . ഒരു കുട്ടിയുടെ പിതാവായ നവനീത് നാല് വർഷമായി അബുദാബിയിൽ ജോലി ചെയ്യുകയായിരുന്നു . കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ജോലി നഷ്ടമായി . ഇതിനെതുടർന്ന് മറ്റ് ജോലികൾ അന്വേഷിക്കുകയായിരുന്നു . നാല് സഹൃത്തുക്കൾക്കൊപ്പമാണ് നവനീത് ടിക്കറ്റെടുത്തത് . ജോലിക്കായുള്ള ഒരു ഇന്റർവ്യൂവിൽ പങ്കെടുത്ത് തിരിച്ചെത്തിയ ഉടനെയാണ് സമ്മാനം ലഭിച്ചതായി അറിയിച്ചുകൊണ്ടുള്ള ഫോൺ കോൾ ലഭിച്ചതെന്ന് നവനീത് പറഞ്ഞു . വിശ്വസിക്കാനാവാത്ത ഒരു നിമിഷമായിരുന്നു അതെന്നും അദ്ദേഹം പ്രതികരിച്ചു . നവംബർ 22 ന് ഓൺലൈനായെടുത്ത 4180 നമ്പർ ടിക്കറ്റിലൂടെയാണ് ഭാഗ്യം നവനീതിനെയും സുഹൃത്തുക്കളെയും തേടിയെത്തിയത് . ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനർ നറുക്കെടുപ്പ് ആരംഭിച്ച ശേഷം 10 ലക്ഷം ഡോളർ സമ്മാനം ലഭിക്കുന്ന 171 മത്തെ ഇന്ത്യക്കാരനാണ് നവനീത് . ദുബൈ ഡ്യൂട്ടി ഫ്രീ ടിക്കറ്റുകൾ ഏറ്റവുമധികം വാങ്ങുന്നതും സമ്മാനം ലഭിക്കുന്നതും ഇന്ത്യക്കാർക്കാണ് .