KSDLIVENEWS

Real news for everyone

മുഖത്തും ദേഹത്തും ആഴത്തിലുള്ള മുറിവുകൾ ഗുരുതരം; നരഭോജിക്കടുവയുടെ ആരോഗ്യനിലയിൽ ആശങ്ക

SHARE THIS ON

ഒല്ലൂർ: ജനക്കൂട്ടത്തിന്റെ എതിർപ്പവഗണിച്ച്, വനംവകുപ്പധികൃതർ പരിചരണം നൽകി പുത്തൂരിലെത്തിച്ചെങ്കിലും വയനാട്ടിലെ വാകേരിയിൽ കർഷകനെ കൊന്നുതിന്ന കടുവയുടെ ആരോഗ്യനില ആശങ്കാജനകമെന്ന് വിലയിരുത്തൽ. കടുവയെ എത്തിച്ച ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് മണ്ണുത്തി വെറ്ററിനറി സർവകലാശാല സർജറിവിഭാഗം തലവൻ ഡോ. ശ്യാം വേണുഗോപാൽ കടുവയെ നിരീക്ഷിച്ചത്. മുഖത്തും ദേഹത്തും ആഴത്തിലുള്ള മുറിവുകൾ ഗുരുതരമെന്ന് കണ്ടെത്തി.


മോശമായ ആരോഗ്യസ്ഥിതിമൂലം വേട്ടയാടാനുള്ള കഴിവില്ലായ്മയാകാം ജനവാസ കേന്ദ്രത്തിൽ ഇരതേടിയെത്താൻ ഇടയായതെന്നും വിദഗ്ധർ പറയുന്നു. മറ്റ് മൃഗങ്ങളുമായി നടത്തിയ ഏറ്റുമുട്ടലിലാകാം കടുവയുടെ മുഖഭാഗം തകർന്നത്. കാര്യമായ ക്ഷതമുണ്ട്. മൂക്ക്,വായ,പല്ലുകൾ,താടിയെല്ല് ഇവയെല്ലാം തകർന്നിട്ടുണ്ട്. സദാ രക്തമൊഴുകുന്നുമുണ്ട്. കടുത്ത അവശതയും ക്ഷീണവുമുണ്ട്. കടുവയുടെ സംരക്ഷണവും പരിചരണവും വെല്ലുവിളിനിറഞ്ഞതാണെന്ന് പാർക്ക് ഡയറക്ടർ ആർ. കീർത്തി പറഞ്ഞു. പൊതുജനങ്ങൾക്ക് കടുവയെക്കാണാൻ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

പതിമൂന്നുവയസ്സ് കഴിഞ്ഞ കടുവയ്ക്ക് ഇരുനൂറ് കിലോയോളം ഭാരമുണ്ട്. . രാവിലെ പുത്തൂരിൽ എത്തിച്ചപ്പോൾത്തന്നെ പ്രതിരോധ കുത്തിവെയ്പ് നൽകിയിരുന്നു. ഇവിടെയെത്തിയതിനുശേഷം തീറ്റയെടുത്തിട്ടില്ല. എങ്കിലും ദിവസേന രണ്ടു നേരമായി എട്ടു കിലോ മാംസം നൽകാനാണ് തീരുമാനം. വയനാട്ടിൽനിന്ന് കൊണ്ടുവരുന്നതിനു തൊട്ടുമുൻപ് നാലു കിലോ ചിക്കൻ നൽകിയിരുന്നു. പിടിയിലായ നേരം മുതൽ നേരിട്ട സമ്മർദവും കടുവയുടെ ആരോഗ്യനിലയെ ബാധിച്ചിട്ടുണ്ട്. മുഖത്തെ മുറിവുകളിൽ പഴുപ്പും അണുബാധയുമുണ്ടെന്ന് സംശയമുണ്ട്. വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ 45-ാംനമ്പർ കടുവയാണിത്.


മണ്ണുത്തിയിൽനിന്ന് ഡോക്ടർമാർ വ്യാഴാഴ്ച പാർക്കിലെത്തി പരിശോധിക്കും. മയക്കിയശേഷമാകും പരിശോധന. ഇതിന് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി വേണം. തുടർന്ന് ആന്റിബയോട്ടിക്കുകൾ നൽകിത്തുടങ്ങും. വെറ്ററിനറി സർവകലാശാലയുടെ ഫീൽഡ് സ്റ്റേഷനും പുത്തൂരിലെ പാർക്കിൽ സജ്ജമാണ്. ആറു മാസം മുൻപ് ഇവിടെയെത്തിയ പുള്ളിപ്പുലിക്കുട്ടിയുടെ ജീവൻ രക്ഷിക്കാനായതും അധികൃതർക്ക് പ്രത്യാശ പകരുന്നുണ്ട്.

രാവിലെ ആറരയോടെയാണ് കടുവയെ അതിസുരക്ഷയോടെ കൊണ്ടുവന്നത്. എട്ടുമണിയോടെ പാർക്കിലെ ഐസൊലേഷൻ ക്വാറന്റീൻ കേന്ദ്രത്തിലെ ക്യുബിക്കിളിലേക്ക് മാറ്റി. കണ്ണൂർ നോർത്ത് ആൻഡ് സർക്കിൾ സി.സി.എഫ്. ഡോ. കെ.എസ്. ദീപ നടപടികൾക്ക് നേതൃത്വം നൽകി. കുപ്പാടി വന്യജീവികേന്ദ്രത്തിൽ പരിശോധന നടത്തിയശേഷം കടുവയെയുംകൊണ്ട് രാത്രി ഒരുമണിയോടെയാണ് സംഘം പുറപ്പെട്ടത്.


മുത്തങ്ങ അസിസ്റ്റൻറ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അജേഷ്, സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്ന കരീം, ചെതലത്ത് റേഞ്ച് ഓഫീസർ കെ.പി. അബ്ദുൾസമദ്, കോഴിക്കോട് ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ. എ.പി. ഇംതിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് കടുവയെ കൊണ്ടുവന്നത്. യാത്രാമധ്യേ കടുവയെ ഇടയ്ക്ക് നിരീക്ഷിച്ചിരുന്നു. രാത്രിമുതൽ പുത്തൂരിൽ കടുവയെ പാർപ്പിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. എന്നാൽ, കടുവയുടെ വരവ് പാർക്ക് അധികൃതർ പുറത്തറിയിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!