ബിപിൻ റാവത്തിന്റെ മരണം: ഹെലികോപ്റ്റർ അപകടത്തിന് കാരണം മനുഷ്യപ്പിശക്
ന്യൂഡൽഹി: സംയുക്ത സൈനികമേധാവി ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടം മനുഷ്യപ്പിശകുമൂലമെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച ലോക്‌സഭയിൽ സമർപ്പിച്ച പ്രതിരോധ സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടിലാണ് എയർക്രൂവിന് സംഭവിച്ച മനുഷ്യപ്പിശകാണ് അപകടകാരണമെന്ന് സ്ഥിരീകരിച്ചത്.
2021 ഡിസംബർ എട്ടിന് തമിഴ്‌നാട്ടിലെ കൂനൂരിലെ മലമുകളിലായിരുന്നു ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും യാത്രചെയ്തിരുന്ന ഹെലികോപ്റ്റർ തകർന്നുവീണത്. ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ ഡോ. മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍, ലഫ് കേണല്‍ ഹര്‍ജീന്ദര്‍ സിങ്, നായക് ഗുരു സേവക് സിങ്, നായക് ജിതേന്ദ്രകുമാര്‍, ലാന്‍സ് നായക് വിവേക് കുമാര്‍, ലാന്‍സ് നായക് ബി. സായി തേജ, ഹവില്‍ദാര്‍ സത്പാല്‍, ജൂനിയര്‍ വാറന്റ് ഓഫീസറും സൂലൂരിലെ ഫ്‌ലൈറ്റ് എന്‍ജിനിയറുമായ തൃശ്ശൂര്‍ പുത്തൂര്‍ സ്വദേശി പ്രദീപ്, ജൂനിയര്‍ വാറന്റ് ഓഫീസര്‍ ദാസ്, പൈലറ്റ് വിങ് കമാന്‍ഡര്‍ ചൗഹാന്‍, സ്‌ക്വാഡ്രണ്‍ ലീഡര്‍ കുല്‍ദീപ് സിങ് എന്നിവരാണ് മരിച്ചത്.
വ്യോമസേനയുടെ എം.ഐ 17വി.5 ഹെലിക്കോപ്ടറായിരുന്നു അപകടത്തില്‍പെട്ടത്. കുനൂര്‍ കട്ടേരിക്ക് സമീപം ഹെലിക്കോപ്ടര്‍ തകര്‍ന്നുവീഴുകയായിരുന്നു കോയമ്പത്തൂരിലെ സുലൂര്‍ വ്യോമതാവളത്തില്‍ നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേയായായിരുന്നു അപകടം.