KSDLIVENEWS

Real news for everyone

ആളെക്കൂട്ടാനായി വക്രീകരിച്ച തലക്കെട്ട് പാടില്ല; യൂട്യൂബില്‍ സമ്പൂര്‍ണ ശുദ്ധീകരണം വരുന്നു

SHARE THIS ON

ന്യൂഡല്‍ഹി: ആളെക്കൂട്ടാനായി ഇഷ്ടമുള്ളതെല്ലാം തലക്കെട്ടിലും തംബ്‌നൈലിലും എഴുതിയിടാന്‍ ഇനി പറ്റില്ലെന്ന് യൂട്യൂബ്. തെറ്റിദ്ധരിപ്പിക്കുന്നതോ ഞെട്ടിക്കുന്നതോ ആയ തംബ്‌നൈല്‍ നല്‍കുന്നതിനെതിരെ ഇന്ത്യയില്‍ കര്‍ശന നടപടിയെടുക്കാനാണ് യൂട്യൂബ് തീരുമാനം.

ക്രിയേറ്റര്‍മാര്‍ വീഡിയോയില്‍ അധികം പ്രാധാന്യമില്ലാത്ത വിവരങ്ങള്‍ ആളെ ആകര്‍ഷിക്കാന്‍ തംബ്‌നൈലായി ഉപയോഗിച്ചാല്‍ നടപടി നേരിടേണ്ടിവരും. ഇന്ത്യയിലെ യൂട്യൂബ് പ്ലാറ്റ്ഫോമില്‍ സമ്പൂര്‍ണ ശുദ്ധീകരണമാണ് ലക്ഷ്യംവയ്ക്കുന്നതെന്നാണ് ഗൂഗിള്‍ നല്‍കുന്ന വിവരം. വ്യാജമായി ആളെ ആകര്‍ഷിക്കുന്ന വീഡിയോകള്‍ നീക്കം ചെയ്യുമെന്നാണ് യൂട്യൂബ് മുന്നറിയിപ്പ്. തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകള്‍ക്ക് പിടിവീഴുന്നതോടെ ഉപഭോക്താക്കള്‍ പറ്റിക്കപ്പെടുന്നതിന് വിരാമമിടുകയാണ് ഗൂഗിള്‍ ലക്ഷ്യം.

യൂട്യൂബ് ചാനലില്‍ വീഡിയോ കാണാന്‍ വരുന്നവര്‍ക്ക് ഉള്ളടക്കം സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണമെന്ന് യൂട്യൂബ് പറയുന്നു. ബ്രേക്കിംഗ് ന്യൂസും സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും സംബന്ധിച്ച യൂട്യൂബ് വീഡിയോകളെല്ലാം ഈ സ്‌കാനറിന് കീഴില്‍ വരും. പുതിയ നയ മാറ്റവുമായി പൊരുത്തപ്പെടാനുള്ള സമയം ഉപയോക്താക്കള്‍ക്ക് യൂട്യൂബ് അനുവദിച്ചിട്ടുണ്ട്.

ആദ്യഘട്ടത്തില്‍ ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകില്ല. പിന്നീടാണ് ചാനലിനെതിരെ സ്‌ട്രൈക്ക് ഉണ്ടാകുക. എന്നാല്‍ നിലവില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഉള്ളടക്കം നീക്കം ചെയ്യുന്നതിനും അത് പുനഃസ്ഥാപിക്കുന്നതിനും അപ്പീല്‍ നല്‍കുന്നതിനുമൊക്കെയായി എന്ത് തരത്തിലുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നതില്‍ പ്ലാറ്റ്‌ഫോം വ്യക്തമായി വിശദീകരണം നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ അപ്ഡേറ്റുകള്‍ ഗൂഗിളും യൂട്യൂബും നല്‍കിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!