വിമാനത്താവളത്തിൽ നിന്നും കാസർകോട് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; 5 പേർ അറസ്റ്റിൽ

കൊച്ചി: വിദേശത്തുനിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ 5 പേർ അറസ്റ്റിൽ. മട്ടാഞ്ചേരി പീടികപ്പറമ്പിൽ ആന്റണി നിസ്റ്റൽ കോൺ (20), ഫോർട്ട് കൊച്ചി ചിറപ്പുറം ഒന്നാരക്കാട്ടിൽ ഹംദാൻ ഹരീഷ് (21) ചുള്ളിക്കൽ മലയിൽ ബിബിൻ (26), പള്ളുരുത്തി രാമേശ്വരം തെക്കേവാരിയം വിഷ്ണു വിനോദ് (21), ഫോർട്ട് കൊച്ചി നസ്രത്ത് മൂലൻകുഴി പുല്ലൻതറ ജോയൽ ജോർജ് (22) എന്നിവരെയാണു നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
കാസർഗോഡ് സ്വദേശിയെയാണ് തട്ടിക്കൊണ്ടു പോയത്. സ്വർണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് സംഭവത്തിന് പിന്നിലെന്നാണു സൂചന. ഡിവൈഎസ്പി ടി.ആർ.രാജേഷ്, ഇൻസ്പെക്ടർ ആർ.രാജേഷ്, എസ്ഐമാരായ എസ്.എസ്. ശ്രീലാൽ, പി.ടി.അനൂപ്, പി.ജി.സാബു, എഎസ്ഐ എം.വി.ബിനു, സീനിയർ സിപിഒ ജെയിംസ് ജോൺ, സിപിഒമാരായ ഇ.എസ്. സജാസ്, സ്മിജിത്ത് ബാബു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

