കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ കോവിഡ് മരണം കേരളത്തില്‍; 66 മരണം, 5597 പേര്‍ക്ക് കോവിഡ് ബാധിച്ചു

തിരുവനന്തപുരം: കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങളുണ്ടായത് കേരളത്തില്‍. ജനുവരിക്കും ഡിസംബര്‍ ആറിനുമിടയില്‍ 66 പേരാണ് മരിച്ചത്. കര്‍ണാടകത്തില്‍ 39 പേരും മഹാരാഷ്ട്ര, ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളില്‍ മുപ്പതിലധികംപേരും മരിച്ചതായാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് 5597 പേര്‍ക്ക് കോവിഡ് ബാധിച്ചതായാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇപ്പോള്‍ കോവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങളൊന്നുമില്ല. 2023 നവംബറില്‍ സ്ഥിരീകരിച്ച ജെ.എന്‍. 1 എന്ന വകഭേദമാണ് ഇപ്പോഴുള്ളത്. നിര്‍ബന്ധമല്ലാത്തതിനാല്‍ സംസ്ഥാനത്ത് കോവിഡ് പരിശോധനകള്‍ കുറഞ്ഞിട്ടുണ്ട്. പനിക്കൊപ്പം ശ്വാസതടസ്സമോ മറ്റ് ഗുരുതരരോഗങ്ങളോ ഉള്ളവരോട് മാത്രമാണ് ആര്.ടി.പി.സി.ആര്. പരിശോധന നടത്താന്‍ ആവശ്യപ്പെടുന്നത്.
വാക്സിനേഷനിലൂടെ കോവിഡ് വൈറസിനെതിരായ പ്രതിരോധശേഷി ഉയര്‍ന്നതിനാല്‍ രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്. 2023-ല്‍ സംസ്ഥാനത്ത് 87,242 പേര്‍ക്ക് കോവിഡ് ബാധിക്കുകയും 516 പേര് മരിക്കുകയുംചെയ്തു. 2022-ല്‍ 15,83,884 പേര്‍ക്ക് രോഗം ബാധിക്കുകയും 24,114 പേര് മരിക്കുകയുംചെയ്തിരുന്നു. സര്‍ക്കാര്‍ കണക്കുകള്‍പ്രകാരം തിങ്കളാഴ്ച രണ്ടുപേരാണ് കോവിഡ് ചികിത്സയിലുള്ളത്.