ബാലറ്റിലേക്ക് മടങ്ങാൻ കർണാടക; കോർപറേഷൻ തിരഞ്ഞെടുപ്പിൽ വോട്ടിങ് മെഷീനുകൾക്ക് വിട

ബെംഗളൂരു: രാജ്യത്ത് തിരഞ്ഞെടുപ്പുകളിൽ പോളിങ്ങിനു ബാലറ്റ് സംവിധാനം തിരിച്ചുകൊണ്ടുവരണമെന്ന് പ്രധാന പ്രതിപക്ഷ പാർട്ടികൾ ഏറെനാളായി ആവശ്യമുയർത്തുന്നുണ്ട്. ഇപ്പോഴിതാ കർണാടകത്തിൽ പുതിയ കോർപറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബാലറ്റ് സംവിധാനം ഉപയോഗിക്കുമെന്ന് കർണാടക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. അഞ്ച് പുതിയ കോർപറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 30നകം പൂർത്തീകരിക്കാനാണ് തീരുമാനം.
താവ്ഡെയ്ക്ക് തിരഞ്ഞെടുപ്പ് ചുമതല
കർണാടക സർക്കാരിനോടും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനോടും ജൂൺ 30നകം തിരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. വോട്ടെടുപ്പിനു ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുന്നതിനു നിയമം അനുവദിക്കുന്നുണ്ടെന്നും ബാലറ്റ് വോട്ടിങ്ങിനു രാജ്യത്തു നിരോധനമില്ലെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ജി.എസ്. സംഗ്രേഷി പറഞ്ഞു. അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ പോലും ബാലറ്റ് പേപ്പറുകൾ തിരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2026 അവസാനം നടക്കാനിരിക്കുന്ന തദ്ദേശ പഞ്ചായത്തു തിരഞ്ഞെടുപ്പുകളിലും ബാലറ്റ് പേപ്പറുകൾ വോട്ടെടുപ്പിന് ഉപയോഗിക്കുമെന്നും ജി.എസ്. സംഗ്രേഷി കൂട്ടിച്ചേർത്തു. അതേസമയം ബാലറ്റിലേക്കുള്ള മടക്കം കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ സമ്മർദം കാരണമാണെന്ന ആരോപണങ്ങളും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിഷേധിച്ചു.

