റീൽസ് പ്രചരിച്ചതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവം: ഷിംജിത മുസ്തഫ ഒളിവിൽ? ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്

കോഴിക്കോട്: ദീപക് ജീവനൊടുക്കിയ കേസിൽ പ്രതിയായ വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പൊലീസ് അറസ്റ്റ് നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഷിംജിത ഒളിവിൽ പോയത്. ഷിംജിത കേരളം വിട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.
മംഗളൂരുവിലുണ്ടെന്ന സൂചനയും ലഭിച്ചിട്ടുണ്ട്.
അതിനിടെ യുവതി സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോ എഡിറ്റ് ചെയ്‌തു നീളം കുറച്ചതാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിഡിയോയുടെ പൂർണരൂപം വീണ്ടെടുക്കാൻ സൈബർ സെല്ലിന്റെ സഹായം തേടും. ഇതിനായി യുവതിയുടെ ഫോൺ കണ്ടെത്താനാണു പൊലീസിന്റെ ശ്രമം. സ്വകാര്യ വസ്ത്രനിർമാണ സ്ഥാപനത്തിന്റെ സെയിൽസ് എക്‌സിക്യൂട്ടീവായ ദീപക് ജോലി ആവശ്യത്തിനു കണ്ണൂർ പയ്യന്നൂരിൽ എത്തിയപ്പോഴാണ് ബസിൽ വച്ച് യുവതി വിഡിയോ ചിത്രീകരിച്ചത്. ബസിൽ വച്ച് ദീപക് തന്റെ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ തൊട്ടതായി ആരോപിച്ച് യുവതി വിഡിയോ ദൃശ്യങ്ങൾ സമൂഹമധ്യമത്തിൽ പ്രചരിപ്പിക്കുകയായിരുന്നു. വിഡിയോ പ്രചരിച്ചതോടെ ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നെന്നും ബന്ധുക്കൾ പറയുന്നു.

