കാഞ്ഞങ്ങാട് ഫ്ലൈ ഓവർ : മണ്ണുപരിശോധന തുടങ്ങി

കാഞ്ഞങ്ങാട്:നഗരത്തിലെ ഗതാഗതപ്രശ്നത്തിന് പരിഹാരമായി നിര്‍മ്മിക്കുന്ന ഫ്‌ളൈഓവറിനായി മണ്ണു പരിശോധന തുടങ്ങി. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്റെ സാങ്കേതിക സഹകരണത്തോടെ കാഞ്ഞങ്ങാട്ട് നടപ്പാക്കാന്‍ പോകുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഫ്‌ളൈഓവര്‍.
കച്ചവടക്കാരുടെയും പൊതുജനങ്ങളുടെയും പൂര്‍ണ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി രണ്ടു വര്‍ഷം മുമ്ബ് സംസ്ഥാന ബഡ്ജറ്റിലാണ് പ്രഖ്യാപിച്ചത്.79. 88 കോടി ചെലവില്‍ കിഫ്ബിയാണ് പാത നിര്‍മിക്കുന്നത്. കാഞ്ഞങ്ങാട് കൈലാസ് റോഡ് ജങ്ഷന്‍ മുതല്‍ നോര്‍ത്ത് കോട്ടച്ചേരി പത്മ ക്ലിനിക് നീളുന്നതാണ് മേല്‍പാത.
നഗരത്തിനു പുറത്തേക്കു പോകുന്ന വാഹനങ്ങളാണ് ഫ്‌ളൈഓവര്‍ വഴി പോവുക.
ആംബുലന്‍സുകള്‍, ചരക്കു വാഹനങ്ങള്‍ എന്നിവയെല്ലാം മേല്‍പാതവഴി കടന്നു പോകും.
നിലവിലുള്ള ഡിവൈഡറുകള്‍ക്ക് മുകളിലൂടെ രണ്ടര മീറ്റര്‍ വീതിയില്‍ തൂണുകള്‍ നിര്‍മിച്ച് അതിനു മുകളിലാണ് മേല്‍പാത നിര്‍മ്മിക്കുന്നത്.ഇരുവശത്തുകൂടിയുള്ള നിലവിലുള്ള ഗതാഗതത്തിന് തടസ്സം വരാതെയാണ് മേല്‍പാതയുടെ നിര്‍മാണം. നഗരത്തിലെ തിരക്കും ഗതാഗതക്കുരുക്കും പൂര്‍ണമായി ഒഴിവാകും. കച്ചവടസ്ഥാപനങ്ങള്‍ക്കു മുന്നില്‍ മണിക്കൂറുകളോളം തടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങളുടെ കൂറ്റന്‍ നിരയും ഇല്ലാതാകും. കാല്‍നടക്കാര്‍ക്കും ചെറുവാഹനങ്ങള്‍ക്കുമെല്ലാം പുതിയ സംവിധാനം അനുഗ്രഹമാകും. റോഡപകടങ്ങളും കുറയും. കെ.എസ്.ടി.പി റോഡിന്റെ നിര്‍മിതിയോടെ വാഹനങ്ങള്‍ വേഗം കൂട്ടി ഓടുന്നുവെന്നും അപകടം കൂടുന്നുവെന്ന പരാതിക്കും പരിഹാരമാകും.ഫ്‌ളൈഓവര്‍ നിര്‍മ്മാണത്തിന്റെ നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയായി. അതിന്റെ മുന്നോടിയായാണ് മണ്ണു പരിശോധന നടത്തുന്നത്.

