കേരളത്തില്‍ രണ്ടു വ്യാജ സര്‍വ്വകലാശാലകള്‍; അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്കു ഒരു വിലയുമില്ല: യു ജി സി

ന്യൂഡെൽഹി: കേരളത്തിൽ ഡിഗ്രി സർട്ടിഫിക്കറ്റുകൾ മാത്രമല്ല, വ്യാജ സർവ്വകലാശാലാകളുമുണ്ടെന്നു യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷൻ അറിയിച്ചു. കേരളത്തിലെ കോഴിക്കോടു ജില്ലയിൽ പ്രവർത്തിക്കുന്ന ഇൻ്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് പ്രൊഫെറ്റിക് മെഡിസൻ, സെന്റ് ജോൺസ് യൂണിവേഴ്‌സിറ്റി എന്നിവ വ്യാജ യൂണിവേഴ്‌സിറ്റികളാണെന്ന് അറിയിപ്പിൽ യു ജി സി പറഞ്ഞു. യു ജി സിയുടെ ആക്ട് 2(എഫ്) സെക്ഷൻ 3 പ്രകാരം കേന്ദ്ര സർക്കാരിൻ്റെയോ സംസ്ഥാന സർക്കാരിന്റെയോ അംഗീകാരമില്ലാതെയാണ് ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ബിരുദങ്ങൾ നൽകാൻ നിയമപരമായി ഇവർക്ക് അധികാരമില്ല. ഇവ നൽകുന്ന കോഴ്‌സുകൾക്കും സർട്ടിഫിക്കറ്റുകൾക്കും ഒരു വിലയുമില്ലെന്ന് അറിയിപ്പു ചൂണ്ടിക്കാട്ടി.
ഇവരുടെ സർട്ടിഫിക്കറ്റുകൾ ജോലിക്കോ ഉപരിപഠനത്തിനോ ഫലിക്കില്ല. രാജ്യത്ത് ഇത്തരത്തിൽ 32 വ്യാജ സർവ്വകലാശാലകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 12 എണ്ണം ഡൽഹിയിലും നാലെണ്ണം യു പി യിലുമാണ്. കേരളം, കർണ്ണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ രണ്ടു വീതവും ഹരിയാന, ഝാർഖണ്ഡ്, രാജസ്ഥാൻ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഓരോ വ്യാജ സർവ്വകലാശാലകളുമുണ്ട്.

