KSDLIVENEWS

Real news for everyone

അധിക തീരുവ: പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിച്ചുവരികയാണെന്ന് ഇന്ത്യ

SHARE THIS ON

ന്യൂഡൽഹി: ഡൊണാൾഡ് ട്രംപിന്റെ ഇറക്കുമതി തീരുവ റദ്ദാക്കിയ യുഎസ് സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി കേന്ദ്രസർക്കാർ. യുഎസ് സുപ്രീം കോടതി വിധിയും ഇതിനുശേഷം അമേരിക്കൻ ഭരണകൂടം സ്വീകരിച്ച നടപടികളും നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം പറഞ്ഞു.

തീരുവയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച വന്ന യുഎസ് സുപ്രീം കോടതി വിധി ശ്രദ്ധിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാർത്താസമ്മേളനവും നടത്തിയിരുന്നു. പിന്നാലെ യുഎസ് ഭരണകൂടം ചില നടപടികളും പ്രഖ്യാപിച്ചു. ഈ സംഭവവികാസങ്ങളെല്ലാം നിരീക്ഷിക്കുന്നുണ്ട്. ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിച്ചുവരികയാണ്. കേന്ദ്ര വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞദിവസമാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിവിധ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് ഏർപ്പെടുത്തിയ അധിക തീരുവകൾ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചത്. രാജ്യങ്ങൾക്ക് ഏകപക്ഷീയമായി തീരുവ ചുമത്തുന്നതിലൂടെ പ്രസിഡന്റ് ഫെഡറൽ നിയമങ്ങൾ ലംഘിക്കുകയാണെന്ന് കോടതി കണ്ടെത്തി. ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സിന്റെ നേതൃത്വത്തിലുള്ള ഒൻപതംഗ ബെഞ്ചിൽ ആറു ജഡ്ജിമാർ വിധിയെ അനുകൂലിച്ചു. അതിയാഥാസ്ഥിതികരായ മൂന്നുപേർ എതിർത്തു.

ഇതിനുപിന്നാലെ കോടതി റദ്ദാക്കിയ തീരുവകൾക്കു പകരമായി 150 ദിവസത്തേക്ക് 10 ശതമാനം താത്കാലിക ആഗോളനികുതി ഏർപ്പെടുത്തി ട്രംപ് മറുപടി നൽകി. ഈ വിധിയെ രാജ്യത്തോടുള്ള വഞ്ചനയെന്ന് വിശേഷിപ്പിച്ച ട്രംപ്, താൻ നാമനിർദേശംചെയ്ത ജസ്റ്റിസുമാരെ രൂക്ഷമായി വിമർശിച്ചു.

1974-ലെ ട്രേഡ് ആക്ടിലെ ‘സെക്ഷൻ 122’ ആണ് പ്രസിഡന്റ് പ്രയോഗിച്ചിരിക്കുന്നത്. വിദേശനാണയ വിനിമയത്തിലെ കുറവ് പരിഹരിക്കാൻ 150 ദിവസത്തേക്ക് 15 ശതമാനംവരെ നികുതി ചുമത്താൻ ഈ നിയമം പ്രസിഡന്റിന് അധികാരം നൽകുന്നു. ഇതിന് പ്രത്യേക അന്വേഷണങ്ങളോ നടപടിക്രമങ്ങളോ ആവശ്യമില്ല.

1977-ലെ അന്താരാഷ്ട്ര അടിയന്തര സാമ്പത്തികാധികാര നിയമം (ഐ.ഇ.ഇ.­പി.എ.) പ്രയോജനപ്പെടുത്തിയാണ് ട്രംപ് തീരുവകൾ ചുമത്തിയിരുന്നത്. ഈ നിയമപ്രകാരം എക്സിക്യുട്ടീവ് ഉത്തരവിലൂടെ പ്രസിഡന്റിന് തീരുവ ചുമത്താനാകുമോയെന്ന വിഷയമാണ് കോടതി പരിശോധിച്ചത്. ഐ.ഇ.ഇ.പി.എ. പ്രകാരം സാമ്പത്തിക അടിയന്തരസാഹചര്യങ്ങളിൽ തീരുവ നിശ്ചയിക്കാൻ പ്രസിഡന്റിന് അധികാരമുണ്ടെന്നായിരുന്നു സർക്കാർ വാദം.

യു.എസ്. ഭരണഘടനപ്രകാരം നികുതി, തീരുവകൾ എന്നിവ ചുമത്താനുള്ള അധികാരം കോൺഗ്രസിനാണെന്നും അവരുടെ അനുമതിയില്ലാതെ പ്രത്യേകാധികാര നിയമം പ്രയോജനപ്പെടുത്തി നടപടികളെടുക്കാൻ പ്രസിഡന്റിന് കഴിയില്ലെന്നും കോടതി പറഞ്ഞിരുന്നു.

ഈ നിയമം പ്രയോജനപ്പെടുത്തി പല മുൻ പ്രസിഡന്റുമാരും വിദേശരാജ്യങ്ങൾക്കുമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരുന്നെങ്കിലും തീരുവ ചുമത്തുന്ന ആദ്യ പ്രസിഡന്റ് ട്രംപാണ്. ട്രംപിന്റെ തീരുവകളിലൂടെ ഇതുവരെ 13,300 കോടി ഡോളർ യു.എസിന് ലഭിച്ചെന്നാണ് ട്രഷറി വകുപ്പിന്റെ കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!