KSDLIVENEWS

Real news for everyone

സൈബർ തട്ടിപ്പ് വ്യാപകം; നഷ്ടപ്പെട്ടത് കോടികൾ, ചതിക്കപ്പെട്ടവരിലേറെയും ഓഹരിവിപണിയിൽ നിക്ഷേപിച്ചവർ

SHARE THIS ON

കോഴിക്കോട്: സൈബർ തട്ടിപ്പുകൾക്കിരയായി പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കോഴിക്കോട് ജില്ലയിൽ കൂടിവരുന്നു. കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ കോഴിക്കോട് സൈബർക്രൈം സെല്ലിൽ രജിസ്റ്റർ ചെയ്ത കേസുകളിൽത്തന്നെ മൊത്തം രണ്ടുകോടിയുടെ അടുത്ത് തുക നഷ്ടപ്പെട്ടു. ഓഹരിവിപണിയിൽ പണം നിക്ഷേപിച്ചവരാണ് ചതിക്കുഴികളിൽ അകപ്പെട്ടത്. അത്യാവശ്യം ഇതേക്കുറിച്ചൊക്കെ അറിവുള്ളവർതന്നെയാണ് കെണിയിൽ കുടുങ്ങിയതെന്ന് കോഴിക്കോട് സൈബർ ക്രൈം വിങ്ങിന്റെ പ്രധാനചുമതലയുള്ള പോലീസുദ്യോഗസ്ഥൻ ‘മാതൃഭൂമി’യോട് പറഞ്ഞു.  ഡോക്ടർമാരും എൻജിനിയർമാരും ഉൾപ്പെടെ വിദ്യാസമ്പന്നർതന്നെയാണ് ഷെയർ മാർക്കറ്റിൽനിന്ന് ലാഭംകൊയ്യാനുള്ള ബദ്ധപ്പാടിൽ വീണ്ടുവിചാരമില്ലാതെ വൻനിക്ഷേപംനടത്തി പണം നഷ്ടപ്പെടുത്തുന്നത്. വാട്‌സാപ്പും ടെലിഗ്രാമും വഴിയുള്ള ചാറ്റിങ്ങിലൂടെയാണ് ഇടപാടുകാരെ തട്ടിപ്പുകാർ വശത്താക്കുന്നത്. പ്രമുഖ ഫിനാൻഷ്യൽ അഡ്വൈസർമാരുടെ ചിത്രം വെച്ച് ഇൻസ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും നൽകുന്ന പരസ്യത്തിലൂടെ ഇടപാടുകാരുടെ വിശ്വാസമാർജിച്ച് ഇവരെ ഒരു വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ആകർഷിക്കുകയും വ്യാജ ആപ്പ് ഡൗൺലോഡ് ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യും. പണം നിക്ഷേപിച്ചതിന്റെ വിവരങ്ങളും അതിന്റെ ഇരട്ടിപ്പും വ്യാജ ആപ്പിലുള്ള സ്‌ക്രീനിൽകാണുന്നവർ അവരെ വിശ്വസിച്ച് വീണ്ടും നിക്ഷേപം നടത്തുന്നു. ആർ.ബി.ഐ. നിയമങ്ങളുടെ സാങ്കേതികത്വം പറഞ്ഞ് പേമെന്റ് ഗെയിറ്റ് വേ സൈറ്റിലില്ലെന്ന് ഇടപാടുകാരെ ബോധ്യപ്പെടുത്തുന്നു. പണം നിക്ഷേപിക്കുന്നത് നോർത്ത് ഇന്ത്യയിൽനിന്നുള്ള വ്യാജ അക്കൗണ്ടുകളിലേക്കാണ്. ഇത് അധികവും വാടകയ്ക്കെടുത്ത അക്കൗണ്ടുകളാണ്. പണം നിക്ഷേപിക്കുന്നത് അപ്പപ്പോൾ വ്യാജ ആപ്പുകളുടെ സ്‌ക്രീനിൽ കാണുന്നവർ അതു പിൻവലിക്കാൻ നോക്കുമ്പോഴാണ് ചതി മനസ്സിലാക്കുന്നത്. 73.5 ലക്ഷം നിക്ഷേപിച്ച ഒരു കോഴിക്കോട്ടുകാരന് ട്രേഡിങ് വിവരങ്ങൾ തെളിയുന്ന സ്‌ക്രീനിൽ കാണിച്ചത് ലാഭമടക്കം ഏഴുകോടി 94 ലക്ഷമാണ്. പണം പിൻവലിക്കാൻ മുതിർന്നപ്പോൾ സർവീസ് ചാർജായി 20 ശതമാനം ആവശ്യപ്പെടുകയായിരുന്നു. അപ്പോഴാണ് റിട്ട. സർക്കാരുദ്യോഗസ്ഥനായ ഇടപാടുകാരന് സംശയം തോന്നുന്നത്. മറ്റ് ചിലരോട് തുക റൗണ്ട്ഫിഗറാക്കണമെന്ന സാങ്കേതികത്വം പറഞ്ഞ് കൂടുതൽതുക ആവശ്യപ്പെടുകയായിരുന്നു. 48 ലക്ഷമാണ് അടുത്തിടെ കോഴിക്കോട് സ്വദേശിയായ പ്രവാസിക്ക്‌ നഷ്ടപ്പെട്ടത്.  നഗരത്തിലെ ഡോക്ടർ ദമ്പതിമാർക്ക് നഷ്ടമായത് 15 ലക്ഷമാണ്. ബിസിനസുകാരനായ കുന്ദമംഗലംകാരന് 14 ലക്ഷവും നഗരത്തിൽ താമസക്കാരായ മറ്റു രണ്ടുപേർക്ക് ഏഴു ലക്ഷം, 2.61 ലക്ഷം വീതവും നഷ്ടപ്പെട്ടതായി പരാതിയുണ്ട്. മുമ്പൊരിക്കൽ 45 ലക്ഷം നഷ്ടപ്പെട്ടതായി പരാതി നൽകിയ നഗരത്തിലെ താമസക്കാരൻ ആത്മഹത്യചെയ്യുകയായിരുന്നെന്ന് സൈബർ പോലീസ് പറഞ്ഞു. ഇടപാടുകാരുമായി നേരിട്ട് ബന്ധമില്ല Advertisement ഇത്തരം കേസുകളിൽ തട്ടിപ്പുകാർ ഒരിക്കൽപോലും ഇടപാടുകാരുമായി നേരിട്ട് ബന്ധംസ്ഥാപിക്കുന്നില്ല. സാമൂഹികമാധ്യമംവഴി ചാറ്റിങ്ങിലൂടെയാണ് ബന്ധംസ്ഥാപിക്കുന്നത്. വ്യാജ ഫോൺനമ്പറുകളാണ് ഉപയോഗിക്കുന്നത്. ഒരു കേസിൽ മുഴുവനായും വിദേശനന്പറുകളാണ് തട്ടിപ്പിന് ഉപയോഗിച്ചത്. തട്ടിപ്പുകാർക്ക് ഹവാല ഇടപാടുകാരുമായുള്ള ബന്ധവും പോലീസ് അന്വേഷിക്കുന്നുണ്ട്. വ്യാജ ആപ്പിലൂടെയുള്ള തട്ടിപ്പിൽ 15 ലക്ഷം നിക്ഷേപിച്ച ഒരാളുടെ പണം 74 അക്കൗണ്ടുകളിലൂടെയാണ് മാറിമറിഞ്ഞത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ സ്ഥിതിവിവര കണക്കുകൾ(എൻ.സി.ആർ.ബി.) ഇത്തരം കേസുകളിൽ അന്വേഷണത്തിനും ഏകോപനത്തിനും പോലീസിന് ഏറെ സഹായകരമാണ്. തട്ടിപ്പിനിരയാവുന്നവർ ആദ്യം 1930-ൽ വിളിച്ച് നാഷൺ സൈബർ ക്രൈം പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്യണമെന്ന് പോലീസ് പറഞ്ഞു. Advertisement ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജനങ്ങളെ ബോധവത്‌കരിക്കാൻ സ്ത്രീകൾ ഉൾപ്പെട്ട സൈബർ വൊളന്റിയർമാരുടെ 10-ബാച്ചുകളെ പുതുതായി തയ്യാറാക്കിയിട്ടുണ്ടെന്ന് സി.ഐ. എസ്. കിരൺ പറഞ്ഞു. റസിഡന്റ്‌സ് അസോസിയേഷനുകളുമായി ബന്ധപ്പെട്ടാണ് പോലീസ് ബോധവത്‌കരണ പരിപാടികൾ തുടങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!