തല മാറി’; ചെന്നൈയുടെ നായകസ്ഥാനം ഒഴിഞ്ഞ് ധോനി, ഗെയ്ക്വാദ് പുതിയ നായകന്‍

ഐപിഎല്ലില്‍ ചെന്നൈയെ നയിക്കാന്‍ ഇനി ഇതിഹാസ താരം മഹേന്ദ്രസിങ് ധോനിയില്ല. ചെന്നൈയുടെ നായകസ്ഥാനത്തു നിന്ന് ധോനി ഒഴിഞ്ഞതായി ടീം സ്ഥീരീകരിച്ചു. പുതിയ നായകനായി ഓപ്പണിങ് ബാറ്റര്‍ ഋതുരാജ് ഗെയ്ക്വാദിനെ നിയമിച്ചു. സമൂഹമാധ്യമങ്ങളില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെയാണ് ടീം വാര്‍ത്ത പുറത്തുവിട്ടത്.
‘ഐ.പി.എല്‍ 2024-ന് മുന്നോടിയായി ധോനി ചെന്നൈയുടെ നായകസ്ഥാനം ഋതുരാജ് ഗെയ്ക്വാദിന് കൈമാറി. 2019-മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നെടുംതൂണാണ് ഋതുരാജ്. 52-മത്സരങ്ങള്‍ അദ്ദേഹം ടീമിനായി കളിച്ചിട്ടുണ്ട്.’- ചെന്നൈ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഐപിഎല്ലിന്റെ ഉദ്ഘാടന സീസണ്‍ മുതല്‍ ചെന്നൈയുടെ നായകനായി ധോനിയുണ്ട്. പിന്നീടങ്ങോട്ട് ടീമിനെ കരുത്തുറ്റ ശക്തിയായി നയിക്കുന്നതും ധോനിയാണ്. തന്റെ നേതൃപാടവും കൃത്യമായ തീരുമാനങ്ങളും കൊണ്ട് ചെന്നൈയുടെ ചരിത്രം തന്നെ ധോനി പുതുക്കിയെഴുതി. അഞ്ച് തവണയാണ് ധോനിയുടെ നായകത്വത്തില്‍ ചെന്നൈ കിരീടം നേടിയത്. 2010, 2011, 2018, 2021, 2023 വര്‍ഷങ്ങളിലാണ് കിരീടനേട്ടം. അഞ്ച് തവണ റണ്ണേഴ്‌സ് അപ്പുമായിട്ടുണ്ട്. ഐ.പിഎല്ലിന് പുറമേ ചാമ്പ്യന്‍സ് ലീഗ് ടി20 കിരീടവും ധോനിക്ക് കീഴില്‍ ചെന്നൈ നേടിയിട്ടുണ്ട്. 2010, 2014 വര്‍ഷങ്ങളിലാണ് ചാമ്പ്യന്‍സ് ലീഗ് ടി20 കിരീടങ്ങള്‍ ചെന്നൈ നേടിയത്.
ഐ.പിഎല്ലില്‍ 250 മത്സരങ്ങള്‍ ധോനി കളിച്ചിട്ടുണ്ട്. ചെന്നൈയ്ക്ക് പുറമേ റൈസിങ് പുണെ സൂപ്പര്‍ജയന്റിനായും കളത്തിലിറങ്ങി. ഐപിഎല്ലില്‍ 24-അര്‍ധസെഞ്ചുറി ഉള്‍പ്പെടെ 5082-റണ്‍സും നേടി. 38.79 ആണ് ശരാശരി. 142 ക്യാച്ചുകളും 42 സ്റ്റമ്പിങ്ങുകളുമുണ്ട്.

