ബി.എല്‍.ഒ ആത്മഹത്യ ചെയ്തത് അമിത ജോലി സമ്മര്‍ദ്ദം മൂലമെന്ന് ആരോപണം: ഉന്നതതല അന്വേഷണം നടത്തുമെന്ന് ആര് ഡി ഒ ഉറപ്പു നല്കി; തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി

കാസർകോട്: മൊഗ്രാൽപുത്തൂരിലെ ബി എൽ ഒ സവാദ് (32) പുഴയിൽ ചാടി ആത്മഹത്യ ചെയ്ത് ജോലി സമ്മർദ്ദം മൂലമാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. ഇതേ കുറിച്ച് ഉന്നതല തല അന്വേഷണം നടത്തുമെന്ന് ആർ ഡി ഒ ബിനു ജോസഫ് ബന്ധുക്കൾക്ക് ഉറപ്പു നൽകി. ഇതേ തുടർന്ന് മൃതദേഹം കാഷ്വാലിറ്റിയിൽ നിന്നു മോർച്ചറിയിലേയ്ക്ക് മാറ്റി.
ശനിയാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് സവാദിനെ മൊഗ്രാൽ പുഴയിൽ അവശനിലയിൽ കാണപ്പെട്ടത്. നാട്ടുകാരുടെ നേതൃത്വത്തിൽ ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
രാവിലെ ഏഴുമണിയോടെ പുതിയതായി പണിയുന്ന വീട്ടിലേയ്ക്ക് പോകുന്നുവെന്നു പറഞ്ഞാണ് സവാദ് സ്കൂട്ടറുമായി വീട്ടിൽ നിന്നു ഇറങ്ങിയത്. മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിക്കുന്നതിനിടയിൽ സവാദിന്റെ സ്കൂട്ടർ മൊഗ്രാൽ പാലത്തിനു സമീപത്തു നിർത്തിയ നിലയിൽ കാണപ്പെട്ടു. സംശയം തോന്നി പുഴയിൽ തെരച്ചിൽ നടത്തിയപ്പോഴാണ് അവശ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
വിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേരാണ് ജനറൽ ആശുപത്രിയിലേയ്ക്ക് ഒഴുകിയെത്തിയത്. അമിത ജോലി സമ്മർദ്ദമാണ് സവാദിനെ മരണത്തിലേയ്ക്ക് തള്ളിവിട്ടതെന്നും ജില്ലാ കളക്ടർ എത്താതെ മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റാൻ അനുവദിക്കില്ലെന്നും ആശുപത്രിയിൽ എത്തിയവർ പറഞ്ഞു. ഇതിനിടയിൽ ആർ ഡി ഒ ബിനു ജോസഫ്, എ എസ് പി അച്യുത് അശോക് എന്നിവരുടെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. ബന്ധുക്കൾ നിലപാട് കടുപ്പിച്ചതോടെ ഉന്നതതല അന്വേഷണം നടത്തുമെന്ന് ആർ ഡി ഒ അറിയിച്ചു. തുടർന്നാണ് മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റിയത്.
ബദ്രഡുക്ക പോസ്റ്റാഫീസിലെ പോസ്റ്റുമാനായ ബീരാൻ കുഞ്ഞി എന്ന ഷാഫിയാണ് പിതാവ്. മാതാവ്: ഫൗസിയ. ചെർക്കള ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപകനാണ് സവാദ്. സഹോദരങ്ങൾ:
ഫാറൂഖ്(കെ എസ് ഇ ബി പൈവളിഗെ), സഫാരി, സൗഫ, സാസി.

