KSDLIVENEWS

Real news for everyone

കോവിഡ് പോസിറ്റീവായവർക്ക് ബദിയഡുക്കയിൽ തുടങ്ങിയ സിഎഫ്എൽടിസിയിൽ ആളെത്തിയില്ല; ഉപയോഗിക്കാതെ നശിച്ച് ശുചിമുറികൾ

SHARE THIS ON

ബദിയടുക്ക കണ്ണിയത്ത് ഇസ്‌ലാമിക് അക്കാദമിയിൽ പ്രാഥമിക ചികിത്സാ കേന്ദ്രത്തിനു വേണ്ടി സ്ഥാപിച്ച ഇതുവരെ ഉപയോഗിക്കാത്ത ശുചിമുറികൾ
ബദിയടുക്ക ∙ കോവിഡ് പോസിറ്റീവായവർക്ക് ബദിയടുക്കയിൽ തുടങ്ങിയ പ്രാഥമിക ചികിൽസാ കേന്ദ്രത്തിൽ(സിഎഫ്എൽടിസി) ഇതുവരെ ഒരാളെയും പ്രവേശിപ്പിച്ചിട്ടില്ല.10 റെഡിമെയ്ഡ് ശുചിമുറികളും ഉപയോഗിക്കാതെ നശിക്കുന്നു. ജില്ലയിൽ വീണ്ടും പ്രാഥമിക ചികിൽസാ കേന്ദ്രങ്ങൾ തുടങ്ങാൻ തീരുമാനിച്ചിരിക്കെയാണ് മുൻപ് തയാറാക്കിയതിൽ കോവിഡ് പോസിറ്റീവായവരെ പ്രവേശിക്കാത്ത കേന്ദ്രത്തിലെ ശുചിമുറികൾ നശിക്കുന്നത്.

കോവിഡ് പോസിറ്റീവായവർ കൂടിയതോടെയാണ് കഴിഞ്ഞ കോവിഡ് കാലത്ത് പഞ്ചായത്തിൽ കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങാൻ കണ്ണിയത്ത് ഉസ്താദ് ഇസ്‌ലാമിക് അക്കാദമിയിലും മാർത്തോമാ കോളജിലും സൗകര്യമൊരുക്കിയത്. കണ്ണിയത്ത് നൂറും മാർത്തോമയിൽ 64 ഉം ബെഡുകളുള്ള കെട്ടിടമാണ് ഇതിനു തയാറാക്കിയത്. കണ്ണിയത്തെ വിദ്യാർഥികൾ പൊതു ശുചിമുറി ഉപയോഗിച്ചിരുന്നതിനാൽ കോവിഡ് പോസിറ്റീവായവർക്ക് മാത്രമായി 10 റെഡിമെയ്ഡ് ശുചിമുറികളാണ് ഇവിടെ സ്ഥാപിച്ചത്.

സമീപത്തെ ഇരു നില കെട്ടിടത്തിൽ നിന്നു കോവിഡ് പോസിറ്റീവായവർ ഇറങ്ങി വന്ന് പൊതു ശുചിമുറി ഉപയോഗിക്കുമ്പോൾ മറ്റുള്ളവർക്കും പകരാൻ കാരണമാവുമെന്ന ആശങ്ക ഉയർന്നിരുന്നു. കണ്ണിയത്ത് മാത്രമാണ് 10 ശുചിമുറികൾ സഥാപിച്ചത്. മാസങ്ങളായി ഉപയോഗിക്കാത്തതിനാൽ വാതിലുകളുടെ ലോക്കും വിജാഗിരിയും തുരുമ്പെടുത്തിരിക്കുന്നു. വാതിലുകൾ നേരാംവിധം അടയുന്നില്ല. പൈപ്പുകളിലെ ബന്ധം വേർപെട്ടിട്ടുണ്ട്. ഇതിനു വേണ്ടി സെപ്റ്റിക് ടാങ്കും തയാറാക്കിയിരുന്നു. ഈ നില തുടർന്നാൽ ഫൈബറിൽ തയാറാക്കിയ ഈ ശുചിമുറികൾ മഴയേറ്റും വെയിലേറ്റും നശിക്കും.

ജില്ലയിൽ കോവിഡ് പോസിറ്റീവായവർ കൂടിയാൽ ഉപയോഗിക്കാനായിരുന്നു ഇവിടെ ഇത് സജ്ജീകരിച്ചത്. ഇത്തരം കേന്ദ്രങ്ങളിൽ ശുചീകരണ തൊഴിലാളികൾ, വൊളന്റിയർ എന്നിവരെ പഞ്ചായത്ത് നിയമിക്കാനും ഭക്ഷണം, മറ്റു സേവനങ്ങൾ നൽകുന്നതിനും പദ്ധതി വിഹിതം, തനത്ഫണ്ട് എന്നിവ പഞ്ചായത്ത് കണ്ടത്താനുമായിരുന്നു സർക്കാർ നിർദേശിച്ചത്. ജില്ലയിൽ ഇപ്പോൾ 41 പഞ്ചായത്തുകളിൽ 25 ഇടത്ത് ഇത്തരം കേന്ദ്രങ്ങൾ തുടങ്ങാൻ കഴിഞ്ഞ ദിവസം ജില്ലാ കലക്ടർ ഡി.സജിത്ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന പഞ്ചായത്ത് പ്രസിഡന്റ്മാരുടെ യോഗം തീരുമാനിച്ചിരുന്നു.

ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോൾ പ്രകാരം 50 കിടക്കകളുള്ള സിഎഫ്എൽടിസികളിൽ 4 ഡോക്ടർമാരെ നിയമിക്കണം. രാവിലെ 8മുതൽ വൈകീട്ട് 6വരെ ഒപി പ്രവർത്തിക്കണം. ഇതിനു മുഴുവൻ സമയ ഡോക്ടർമാർ വേണം. ആവശ്യമായ ഡോക്ടർമാരേയും നഴ്സുമാരേയും ജില്ലാ ആരോഗ്യ വിഭാഗവും എൻഎച്ച്എമ്മും ചേർന്നാണ് നിയമിക്കേണ്ടത്.

100 കിടക്കകളുള്ള സിഎഫ്എൽടിസി തുടങ്ങാൻ 25 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്.

പഞ്ചായത്ത് ചെലവാക്കുന്ന ഈ തുക ദുരിതാശ്വാസ നിധിയിൽ നിന്നു മടക്കി നൽകാനും തീരുമാനിച്ചിരുന്നു. കോവിഡ് ഡ്യൂട്ടി ചെയ്യാൻ ശുചീകരണ തൊഴിലാളികളെയും വൊളന്റിയർമാരെയും കണ്ടെത്താൻ പഞ്ചായത്തുകൾ ബുദ്ധിമുട്ടേണ്ടിവരും. മികച്ച ഫണ്ടില്ലാത്ത പഞ്ചായത്തുകൾക്ക് ഇത്തരം കേന്ദ്രങ്ങൾ നടപ്പിലാക്കുന്നത് സാമ്പത്തിക ബാധ്യതയാവും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!