പ്രശ്നങ്ങൾ തുറന്നു പറയുന്നവരെ സഖാവാക്കുന്നു, ഹംസ ഉന്നയിച്ചത് ഗുരുതര ആരോപണം- ലീഗിനെതിരേ സമസ്ത നേതാവ് ഉമ്മർ ഫൈസി

കോഴിക്കോട്: മുസ്ലിം ലീഗിനെതിരേ രൂക്ഷവിമർശനവുമായി സമസ്ത സെക്രട്ടറി ഉമർഫൈസി മുക്കം. ലീഗിനും സമസ്തയ്ക്കും ഉള്ളിലുള്ള പ്രശ്നങ്ങൾ പറഞ്ഞായിരുന്നു ഉമർഫൈസിയുടെ വിമർശനം. സമസ്ത വിലക്കിയ പരിപാടികളിൽ പാണക്കാട്ടെ നേതൃത്വം പങ്കെടുക്കുന്നുവെന്നും സി.ഐ.സി. വിഷയത്തിൽ ലീഗ് നേതൃത്വം സമസ്തക്കെതിരേ നിലപാട് എടുത്തുവെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരേയും ജനറൽ സെക്രട്ടറി പി.എം.എ. സലാമിനെതിരേയും ഉമർ ഫൈസി രൂക്ഷ വിമർശനമുന്നയിച്ചു
ലീഗ് ജനറൽ സെക്രട്ടറി സമസ്തയെ നിരന്തരം അപമാനിക്കുകയാണ്. ഇതിൽ സമസ്ത പ്രവർത്തകർക്ക് വേദനയുണ്ട്. സമസ്ത വിലക്കിയ പരിപാടികളിൽ ബാഫകി തങ്ങളോ, പൂക്കോയ തങ്ങളോ, മുഹമ്മദലി ശിഹാബ് തങ്ങളോ, ഉമറലി തങ്ങളോ, ഹൈദരലി ശിഹാബ് തങ്ങളോ പങ്കെടുത്തിരുന്നില്ല. എന്നാൽ ഇന്ന് അങ്ങനെയല്ല. നിരന്തരം സമസ്തയെ ലംഘിച്ചുകൊണ്ട് ഇതരപ്രസ്താനക്കാരുടെ സമ്മേളനങ്ങളിലും ആദർശപ്രചാരണ പരിപാടികളിലും പങ്കെടുക്കുന്നു. സിഐസി വിഷയത്തിൽ സമസ്തയ്ക്ക് എതിര് പ്രവർത്തിച്ചു. പ്രശ്നങ്ങൾ തുറന്നു പറയുന്നവരെ സഖാവായി ചിത്രീകരിക്കുന്നു. സമസ്തയിലെ ആളുകൾ സഖാവാണെന്ന് പറഞ്ഞതുകൊണ്ട് ഇതിനെല്ലാം മറുമരുന്ന് ആകില്ല- ഉമർ ഫൈസി പ്രമുഖ മലയാളം വാർത്താ ചാനലിനോട് പറഞ്ഞു
പൊന്നാനിയിലെ സ്ഥാനാർഥി സമസ്തയുടെ ആളാണെന്ന് പറഞ്ഞു നടക്കുന്നുണ്ട്. സമസ്ത അങ്ങനെ ഒരു സ്ഥാനാർഥിയെ നിർത്തിയിട്ടില്ല. എന്നാൽ പൊന്നാനി സ്ഥാനാർഥി ഹംസ പറയുന്നതിൽ കാര്യമുണ്ട്. ഹൈദരലി ശിഹാബ് തങ്ങളെ രാവിലെ മുതൽ വൈകുന്നേരം വരെ മുറിയിലിട്ട് ഇ.ഡി. ചോദ്യം ചെയ്തതിന് ശേഷം അദ്ദേഹം കട്ടിലിൽ നിന്ന് എഴുന്നേൽക്കാൽ കഴിഞ്ഞിട്ടില്ല എന്നത് ഗുരുതരമായ ആരോപണമാണ്. അദ്ദേഹത്തെ മരണത്തിലേക്ക് അടുപ്പിച്ചു എന്നത് ഗുരുതരമായ ആരോപണമാണെന്നും ഉമർഫൈസി പറഞ്ഞു.
തുടർച്ചയായി മുസ്ലിം ലീഗിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം പ്രവണതകൾക്ക് തിരഞ്ഞെടുപ്പിൽ തിരിച്ചടി നൽകണമെന്ന് സമസ്തയിലെ വലിയൊരു വിഭാഗം ആഗ്രഹിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പൊന്നാനിയിൽ കെ.എസ്. ഹംസ സ്ഥാനാർഥിയായി വന്നത്. ഔദ്യോഗികമായി സമസ്തയുടെ സ്ഥാനാർഥി അല്ല എന്ന് പറയുമ്പോഴും സമസ്തയുടെ വലിയൊരു വിഭാഗത്തിന്റെ പിന്തുണ അദ്ദേഹത്തിനുണ്ട്. ഹംസക്ക് വേണ്ടി വോട്ട് ശേഖരിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇതിനെ ബലപ്പെടുത്തുന്ന നീക്കമാണ് ഇപ്പോൾ സമസ്തയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.