കോവിഡ് നെഗറ്റീവായ 13,000-ത്തിലധികം ആളുകളെ ചൈന നിര്‍ബന്ധിതമായി ക്വാറന്റൈനിലാക്കിയതായി റിപ്പോര്‍ട്ട്

ബീജിങ്ങ്: രാജ്യത്ത് സീറോ കോവിഡ് നയം നടപ്പാക്കാന്‍ തലസ്ഥാന നഗരമായ ബീജിങ്ങില്‍ ചൈന കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്. തെക്കുകിഴക്കന്‍ ബീജിങ്ങിലെ നാന്‍സിന്‍യുവാനില്‍ കോവിഡ് നെഗറ്റീവായ 13,000-ത്തിലധികം ആളുകളെ അധികൃതര്‍ നിര്‍ബന്ധിച്ച് ക്വാറന്റൈനിലാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എപ്രില്‍ അവസാനം മുതല്‍ പ്രദേശത്ത് വര്‍ധിക്കുന്ന കോവിഡ് കേസുകള്‍ മുന്‍നിര്‍ത്തിയാണ് നടപടികള്‍ സ്വീകരിക്കുന്നതെന്ന് ഭരണകൂടം അറിയിച്ചു. അതിര്‍ത്തികള്‍ അടയ്ക്കല്‍, നിര്‍ബന്ധിത ക്വാറന്റൈനുകള്‍, കൂട്ട കോവിഡ് പരിശോധന, ആഴ്ചകള്‍ നീളുന്ന ലോക്ക്ഡൗണ്‍ എന്നിവയാണ് പ്രധാനമായും ബീജിങ്ങില്‍ നടപ്പാക്കുന്നത്.
മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ കോവിഡ് പ്രതിസന്ധിയാണ് ബീജിങ്ങ് ഇപ്പോള്‍ നേരിടുന്നത്. ഭരണകൂടത്തിന്റെ നടപടികളോട് സഹകരിക്കാത്തവര്‍ നിയമപരമായ അനന്തരഫലങ്ങള്‍ നേരിടേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു യുദ്ധകാലത്തിലേതിന് സമാനമായ സംഭവവികാസങ്ങള്‍ക്കാണ് തങ്ങള്‍ ഇപ്പോള്‍ സാക്ഷിയായികൊണ്ടിരിക്കുന്നതെന്ന് ബീജിങ് നിവാസിയും റിയല്‍ എസ്റ്റേറ്റ് ബ്ലോഗറുമായ ലിയു ഗുവാങ്യു അഭിപ്രായപ്പെട്ടു.
സമാനമായ നിയന്ത്രണങ്ങളാണ് കഴിഞ്ഞമാസം ഷാങ്ഹായിലും ചൈന നടപ്പാക്കിയത്. ആഴ്ചകളോളം നീളുന്ന ലോക്ക്ഡൗണ്‍ സഹിക്കവയ്യാതെ അപാര്‍ട്ട്മെന്റില്‍ നിന്ന് അലറിവിളിക്കുന്ന ഷാങ്ഹായ് നിവാസികളുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സീറോ കോവിഡ് നയത്തിന്റെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനെതിരെ ലോകരാജ്യങ്ങള്‍ ചൈനക്കെതിരെ രംഗത്ത് വന്നിരുന്നു.

