KSDLIVENEWS

Real news for everyone

ഇന്ത്യ-യു.എ.ഇ. വ്യാപാര കരാര്‍ നേട്ടമാക്കാന്‍ കേരളം; സ്വര്‍ണത്തിന് തിളക്കമേകും

SHARE THIS ON

ന്ത്യ-യു.എ.ഇ. സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ (സി.ഇ.പി.എ.) നേട്ടമാക്കാനൊരുങ്ങി കേരളം. മേയിലാണ് ഇന്ത്യയും യു.എ. ഇ.യും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ നിലവില്‍ വന്നത്. മേയ്-ജൂണ്‍ മാസങ്ങളില്‍ തന്നെ സംസ്ഥാനത്തെ വിവിധ വ്യവസായ മേഖലകളില്‍നിന്ന് യു.എ.ഇ.യിലേക്കുള്ള കയറ്റുമതി ഓര്‍ഡറുകളില്‍ ഇതിന്റെ ഫലം കണ്ടുതുടങ്ങി. ആറ് മാസത്തിനുള്ളില്‍ ഗണ്യമായ വര്‍ധന കേരളത്തില്‍ നിന്ന് യു.എ.ഇ.യിലേക്കുള്ള കയറ്റുമതിയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്വതന്ത്ര വ്യാപാരം യാഥാര്‍ഥ്യമായതോടെ സ്വര്‍ണം ഉള്‍പ്പെടെ ഇന്ത്യ യു.എ.ഇ.യിലേക്ക് അയയ്ക്കുന്ന 80 ശതമാനത്തോളം ഉത്പന്നങ്ങളുടെയും നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് പൂജ്യം ശതമാനമായി കുറയും. ഇതിന്റെ ഫലമായി സംസ്ഥാനത്തിന്റെ വിവിധ വ്യവസായ മേഖലകളിലെ കയറ്റുമതിയില്‍ ശരാശരി 10-30 ശതമാനം വരെ വര്‍ധനയാണ് നടപ്പു സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്നത്. കറിപ്പൊടികള്‍ക്കായുള്ള ഓര്‍ഡറുകളിലടക്കം മേയ്, ജൂണ്‍ മാസങ്ങളില്‍ അനുകൂല പ്രവണതയുണ്ട്.

ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുന്നതിനും സ്വതന്ത്ര വ്യാപാര കരാറിനെ കുറിച്ച് കയറ്റുമതി വ്യവസായികളില്‍ അവബോധം സൃഷ്ടിക്കുന്നതിനും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സുമായി (ഫിക്കി) ചേര്‍ന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സമ്പര്‍ക്ക പരിപാടികള്‍ (ഔട്ട്റീച്ച് പ്രോഗ്രാം) സംഘടിപ്പിക്കുന്നുണ്ടെന്ന് ജോയിന്റ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡി.ജി.എഫ്.ടി.)-കൊച്ചി കെ.എം. ഹരിലാല്‍ അറിയിച്ചു.

2021-22 സാമ്പത്തിക വര്‍ഷം 42,189.4 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് രാജ്യം മൊത്തം കയറ്റുമതി ചെയ്തത്. ഇതില്‍ 2,804.5 കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ യു.എ.ഇ.യിലേക്കായിരുന്നു. അതായത്, മൊത്തം കയറ്റുമതിയുടെ ഏഴ് ശതമാനത്തോളം യു.എ.ഇ.യിലേക്കാണ്. ഇതില്‍ 53.4 കോടി ഡോളര്‍ മൂല്യമുള്ള ഉത്പന്നങ്ങളാണ് കേരളത്തില്‍നിന്നുള്ള കയറ്റുമതി. കേരളത്തിന്റെ 130 ഉത്പന്നങ്ങള്‍ യു.എ.ഇ.യിലേക്ക് കടല്‍കടന്നു.

കയറ്റുമതി ഓര്‍ഡറുകളില്‍ വര്‍ധന; സ്വര്‍ണത്തിന് നേട്ടം

ഇന്ത്യ-യു.എ.ഇ. വ്യാപാര കരാര്‍ ഏറ്റവും കൂടുതല്‍ നേട്ടമാക്കാനാകുക സ്വര്‍ണത്തിന്റെ കയറ്റുമതിയിലാണ്. 2021-22-ല്‍ 10.22 കോടി ഡോളറിന്റെ സ്വര്‍ണമാണ് സംസ്ഥാനം യു.എ.ഇ.യിലേക്ക് അയച്ചത്. 2020-21-ല്‍ കയറ്റുമതി മൂല്യം 28.28 കോടി ഡോളറായിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സ്വര്‍ണ കയറ്റുമതിയിലുണ്ടായ ഈ ഇടിവ് ഇന്ത്യ-യു.എ.ഇ. വ്യാപാര കരാറിലൂടെ നികത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ സ്വര്‍ണത്തിന്റെ ഏറ്റവും വലിയ ഉപഭോക്താവാണ് യു.എ.ഇ.യെന്നും പ്രതിവര്‍ഷം 1,000 കോടി ഡോളറിന്റെ സ്വര്‍ണം ഗള്‍ഫ് മേഖലയിലേക്ക് കയറ്റി അയയ്ക്കാന്‍ ഈ വ്യാപാര കരാര്‍ വഴിതുറക്കുമെന്നും ജെം ആന്‍ഡ് ജൂവലറി എക്‌സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (ജി.ജെ.ഇ.പി.സി.) അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!