KSDLIVENEWS

Real news for everyone

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുറ്റപത്രം തയാർതിങ്കളാഴ്ച സമർപ്പിക്കും

SHARE THIS ON

കാഞ്ഞങ്ങാട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ കുടക് സ്വദേശിക്കെതിരെ കുറ്റപത്രം തയാറായി. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കുടക് നാപ്പോക്ക് സ്വദേശി സലീമിനെതിരെയാണ് (36) കുറ്റപത്രം തയാറായത്.

തിങ്കളാഴ്ച കാസർകോട് അഡീഷനൽ ജില്ല കോടതിയിൽ (ഒന്ന്) കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം.പി. ആസാദ് പറഞ്ഞു. പ്രതി സലീമിന്റെ സഹോദരി സുഹൈബയെയും (20) കുറ്റപത്രത്തിൽ പ്രതിചേർത്തിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയി കവർന്ന സ്വർണക്കമ്മൽ വിൽക്കാൻ സലീമിനെ സഹായിച്ചതിനാണ് യുവതിയെ പ്രതിയാക്കിയത്. കൂത്തുപറമ്പ് കണ്ണവം സ്വദേശിനിയാണ് സുഹൈബ. മോഷ്ടിച്ച കമ്മൽ കൂത്തുപറമ്പിലെ ജ്വല്ലറിയിലാണ് വിറ്റത്. ഇവ പൊലീസ് കണ്ടെടുത്തിരുന്നു.

300 പേജുള്ള കുറ്റപത്രമാണ് തയാറാക്കുന്നത്. 67 സാക്ഷികളും 42 ശാസ്ത്രീയ തെളിവുകളുമാണുള്ളത്. കാമാസക്തിക്കായി തട്ടിക്കൊണ്ടുപോകൽ, പോക്സോ, വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്യാനായി വീട്ടിൽ അതിക്രമിച്ചുകയറുക തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. പ്രദേശത്ത് നടന്ന കവർച്ചയും മറ്റൊരു കവർച്ചാ ശ്രമവുമാണ് പ്രതിയെ കണ്ടെത്താൻ പൊലീസിന് സഹായകമായത്.

ഇൻസ്പെക്ടർ എം.പി. ആസാദിന്റെ നേതൃത്വത്തിലാണ് കുറ്റപത്രം തയാറാക്കിയത്.പ്രമാദമായ ഈ കേസിൽ 35 ദിവസത്തിനകംതന്നെ പൊലീസിന് അന്വേഷണം പൂർത്തിയാക്കാനായെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞമാസം 15ന് പുലർച്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം. മുത്തച്ഛൻ പശുവിനെ കറക്കാൻ പുറത്തിറങ്ങിയ സമയം പുലർച്ച രണ്ടിന് ചാരിവെച്ച വാതിൽ തുറന്ന് അകത്തുകയറിയ പ്രതി പെൺകുട്ടിയെ തട്ടിയെടുത്ത് 500 മീറ്റർ അകലെ വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ ദിവസങ്ങൾക്കകം ആന്ധ്രപ്രദേശിൽനിന്ന് പിടികൂടാനും പൊലീസിനായി.

പ്രതിയുടെ സഹോദരിയെയും പ്രതിചേർത്തു
കാഞ്ഞങ്ങാട്: പടന്നക്കാടുനിന്ന് ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യപ്രതി സലീമിന്റെ സഹോദരി സുഹൈബയെ (20) പ്രതിചേർത്തു. അന്വേഷണ ഉദ്യോഗസ്ഥനായ ഹോസ്ദുർഗ് ഇൻസ്പെക്ടർ എം.പി. ആസാദ് ഇതുസംബന്ധിച്ച് ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

പെൺകുട്ടിയിൽനിന്ന് കവർന്ന സ്വർണക്കമ്മലുകൾ കൂത്തുപറമ്പിലെ ജ്വല്ലറിയിൽ വിൽക്കാൻ സലീമിനെ സഹായിച്ച കുറ്റത്തിനാണ് യുവതിയെ കേസിൽ പ്രതിചേർത്തത്. യുവതി ഇക്കാര്യം പൊലീസിന്റെ ചോദ്യംചെയ്യലിൽ ആദ്യം പറഞ്ഞിരുന്നില്ല. വിശദ അന്വേഷണത്തിലായിരുന്നു സ്വർണം വിൽക്കാൻ പ്രതിയെ സഹായിച്ചത് സഹോദരിയാണെന്ന് മനസ്സിലായത്. സഹോദരൻ കൃത്യം നടത്തിയത് അറിയാതെയായിരുന്നു സ്വർണം വിൽക്കാൻ സഹായിച്ചതെന്നായിരുന്നു യുവതി ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, സ്വർണം വിറ്റകാര്യം പൊലീസിനോട് മറച്ചുവെച്ചത് യുവതിക്ക് വിനയായി. കുടക് സ്വദേശിനിയായ യുവതി കൂത്തുപറമ്പിലാണ് താമസം. സലീമിനെ ഈ വീട്ടിലെത്തിച്ച് പൊലീസ് നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു. സ്വർണം ജ്വല്ലറിയിൽനിന്ന് കണ്ടെടുത്തു.

error: Content is protected !!